പറവൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല ബാക്ടീരിയ
text_fieldsകൊച്ചി: പറവൂരിലെ ഹോട്ടലിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ഇതടക്കം എറണാകുളം ജില്ലയിൽ ജനുവരി ഒന്നുമുതൽ 196 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
16നാണ് പറവൂരിലെ മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് വിഷബാധയുണ്ടായത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
സാധാരണ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. തലവേദന, ഓക്കാനം, ഛർദി, വയറിളക്കം, പനി എന്നിവയാണ് ലക്ഷണങ്ങൾ. 2-3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കും.
പ്രധാനമായും കോഴിക്കാഷ്ഠത്തിലും മറ്റുമാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. വിസർജ്യപദാർഥങ്ങൾ മാംസവുമായോ മുട്ടയിലോ കലരാൻ ഇടയായാൽ രോഗബാധക്ക് കാരണമാകുന്നു. അതിനാൽ പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുംമുമ്പ് പുറംഭാഗം നന്നായി കഴുകി കാഷ്ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

