‘കണ്ണൂരിന്‍റെ ഹൃദയം, പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’; കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്സ്
text_fieldsകണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്സ്. ‘കണ്ണൂരിന്‍റെ ഹൃദയമാണ് കെ.എസ് എന്നും പിണറായി സർക്കാറിനെ താഴെയിറക്കാന്‍ കോൺഗ്രസിന്‍റെ പടനായകന്‍ കെ. സുധാകരൻ എത്തുന്നു’ എന്നെല്ലാമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കണ്ണൂർ തന്‍റെ ഹൃദയരക്തമാണെന്ന് പറഞ്ഞ് നേരത്തെ സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.
അതേസമയം, കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്താനായി സുധാകരൻ ഡൽഹിയിലെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ. ഹൈകമാൻഡിനെ നിലപാട് അറിയിക്കും. അതിനിടെ സുധാകരന് സീറ്റ് നൽകില്ലെന്നും എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കെ.പി.സി.സി നിലപാട് ഹൈകമാന്‍ഡ് അംഗീകരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹൈകമാന്‍ഡ്.
തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എഴുപതിടത്ത് ഒറ്റപ്പേരിലെത്താന്‍ കഴിഞ്ഞെന്നും വിവരമുണ്ട്. കഴിഞ്ഞദിവസം വരെ ഡൽഹി ചർച്ചക്ക് പോകില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരനെ കണ്ട് സംസാരിച്ചിരുന്നു. തുടർന്നും കണ്ണൂരിലെ സ്ഥാനാർഥിയാകാനുള്ള താൽപര്യം സുധാകരൻ അറിയിക്കുകയായിരുന്നു. സുധാകരനെ പിന്തുണച്ച് കോൺഗ്രസിലെ നിരവധി നേതാക്കളും മുസ്‍ലിം ലീഗും രംഗത്തുവരികയും പലയിടത്തും അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
എം.പിമാർ ആരും മത്സരിക്കേണ്ടതില്ലെന്ന ഹൈകമാൻഡ് തീരുമാനം സുധാകരന് വേണ്ടി മാത്രം മാറ്റിയാലുണ്ടാകുന്ന ഭവിഷ്യത്തുകളാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രശ്നം. ഇക്കാര്യം സുധാകരനെ നേതാക്കൾ അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ സുധാകരനില്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളെ സ്ഥാനാർഥിയാക്കാനാണ് നേതൃത്വം ശ്രമം നടത്തുന്നത്. എം.പി സ്ഥാനം രാജിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളടക്കം സുധാകരനുമായി നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഇനി രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിലൂടെ അന്തിമ തീരുമാനം ഹൈകമാൻഡ് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

