ലിനിയടക്കം നാലു മലയാളികൾക്ക് ഫ്ലോറന്‍സ് നൈറ്റിങ്ഗേള്‍ പുരസ്കാരം സമ്മാനിച്ചു
text_fieldsന്യൂഡല്‍ഹി: ദേശീയ ഫ്ലോറന്‍സ് നൈറ്റിങ്ഗേൽ നഴ്സസ് പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പി.എന്‍. ലിനി ഉള്‍പ്പെടെ നാലു മലയാളികളടക്കം 36 പേർ പുരസ്കാരത്തിന് അർഹരായി. കേരളത്തില്‍ നിപ ബാധയുണ്ടായപ്പോള്‍ ലിനി നടത്തിയ ത്യാഗത്തിനു മുന്നിൽ നമിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എന്‍. ശോഭന, കവരത്തി ഇന്ദിര ഗാന്ധി ആശുപത്രിയിലെ നഴ്സിങ് ഓഫിസര്‍ പി.എസ്. മുഹമ്മദ് സാലി, മിലിട്ടറി നഴ്സിങ് സര്‍വിസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയര്‍ പി.ജി. ഉഷാ ദേവി എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റു മലയാളികള്‍. ലിനിക്കായി ഭര്‍ത്താവ് പി. സജീഷ് പുരസ്കാരം ഏറ്റുവാങ്ങി.
