സ്നേഹക്കുട ചൂടി കേരളം
text_fieldsകൊച്ചി: പ്രളയം കൊണ്ട് മുറിവേറ്റ ജീവിതങ്ങളെ സ്നേഹം കൊണ്ട് തലോടുകയാണ് ‘അൻപോട് കൊച്ചി’. കാൽച്ചുവട്ടിലെ മണ്ണും തലക്ക് മുകളിലെ കൂരയും കവർന്ന കൊടുംപ്രളയത്തിൽ വിറച്ചുനിൽക്കുന്ന കേരളത്തിന് മുന്നിലേക്ക് സഹാനുഭൂതിയുടെ, സഹജീവി സ്നേഹത്തിെൻറ ആയിരം കരങ്ങൾ നീട്ടുകയാണ് കൊച്ചി ആസ്ഥാനമായ ഇൗ സന്നദ്ധസംഘടന.
പ്രളയബാധിതരെ സഹായിക്കാൻ അൻപോട് കൊച്ചി തുടക്കമിട്ട ‘ഡു ഫോർ കേരള’ കാമ്പയിനിലേക്ക് സഹായം പ്രവഹിക്കുകയാണ്. കൊച്ചിയിൽനിന്ന് മാത്രമല്ല, കോയമ്പത്തൂരിൽനിന്ന് വരെ. വിവിധ ജില്ലകളിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ജില്ല ഭരണകൂടവുമായി ചേർന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ എറണാകുളം കടവന്ത്ര റീജനൽ സ്പോർട്സ് സെൻററിലാണ് അവശ്യവസ്തുക്കൾ ശേഖരിക്കുന്നത്.
അരി, പഞ്ചസാര, തേയില, പയർ, കടല, പരിപ്പ്, ഉപ്പ്, കുപ്പിവെള്ളം, ഡെറ്റോൾ, സോപ്പ് , പേസ്റ്റ്, ബ്ലീച്ചിങ് പൗഡർ, സ്കൂൾ ബാഗ്, നോട്ട് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ ശേഖരിച്ച് ജില്ല ഭരണകൂടങ്ങൾക്ക് കൈമാറും. രാവും പകലും വ്യക്തികളും സംഘടനകളും സഹായവുമായി എത്തുന്നു. വിദ്യാർഥികളും വീട്ടമ്മമാരും സാധാരണക്കാരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞദിവസം കോയമ്പത്തൂർ എം.എൽ.എ സംഭാവന ചെയ്തത് 16,000 കിലോ അരിയാണ്. എറണാകുളം കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, ദുരിതാശ്വാസ സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം, കൊച്ചി മെട്രോ എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിൻ. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെയാണ് കൗണ്ടറിെൻറ പ്രവർത്തനം.
ദുരിതാശ്വാസ സാമഗ്രി ശേഖരിക്കാൻ ബംഗളൂരുവിലും തിരുവനന്തപുരത്തും കൗണ്ടർ തുറന്നിട്ടുണ്ട്. കൊച്ചിയിൽ സമാഹരിച്ച 40 ടണ്ണോളം സാധനങ്ങൾ 27 ലോറികളിലായി കയറ്റിയയച്ചു. ഇവ വയനാട്, ഇടുക്കി ജില്ലകളിൽ വിതരണം ചെയ്തു. വയനാട്ടിലെ 3500 കുട്ടികൾക്ക് സ്കൂൾ ബാഗും നോട്ടുബുക്കുകളും സമാഹരിക്കാനും ലക്ഷ്യമിടുന്നു.
കൊച്ചിയിലുള്ള ഒമ്പത് സുഹൃത്തുക്കൾ ചേർന്ന് 2015ലെ ചെെന്നെ പ്രളയബാധിതരെ സഹായിക്കാൻ രൂപം നൽകിയതാണ് ‘അൻപോട് കൊച്ചി’. ഇന്ന് നാലായിരത്തോളം വളൻറിയർമാർ കൂട്ടായ്മയിലുണ്ട്. സിനിമ താരങ്ങൾ, െഎ.എ.എസ്-െഎ.പി.എസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, വിവിധ സ്ഥാപനങ്ങൾ എന്നിവരെല്ലാം ഇവരുടെ പ്രവർത്തനങ്ങളുമായി കൈകോർക്കുന്നു.
നിർധന വിദ്യാർഥികൾക്കായി ‘പഠിക്കാം പഠിപ്പിക്കാം’, ‘മുത്തേ പൊന്നേ’, വൃത്തിയുള്ള കൊച്ചിക്കായി ‘സുന്ദരി കൊച്ചി’, കാലഹരണപ്പെട്ട കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ‘എെൻറ കുളം എറണാകുളം’ എന്നിവയെല്ലാം അൻപോട് കൊച്ചി മുൻകൈയെടുത്ത് നടപ്പാക്കിയ പദ്ധതികളാണ്.
രാജമാണിക്യം എറണാകുളം കലക്ടറായിരിക്കെ ജില്ല ഭരണകൂടവുമായി ചേർന്ന് ഇവർ ആവിഷ്കരിച്ച പദ്ധതികൾക്ക് സജീവ പിന്തുണയുമായി നിലവിലെ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുമുണ്ട്.
ദുരിതാശ്വാസം: വസ്ത്രക്കട വാങ്ങി നൽകി ടീം നാദാപുരം
നാദാപുരം: ദുരിതക്കയത്തിലായ ജനതക്ക് ആശ്വാസമേകാൻ വസ്ത്രക്കട വിലയ്ക്കുവാങ്ങി ദുരിത ഭൂമിയിലെത്തിച്ച് ‘ടീം നാദാപുരം’ കൂട്ടായ്മ. നാദാപുരത്തെ അൽഷാൻ വസ്ത്രക്കടയാണ് വിലക്കെടുത്തത്. മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ പ്രളയബാധിതർക്ക് ആശ്വാസത്തിനെത്തിച്ചു.
നരിക്കോൾ ഹമീദ് ഹാജിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിന് പിറകുവശത്ത് സ്ഥിതിചെയ്യുന്ന വസ്ത്രക്കട ടീം നാദാപുരം പ്രവർത്തകർ വിലക്കെടുക്കുകയായിരുന്നു. കുഞ്ഞുടുപ്പു മുതൽ മുതിർന്നവർക്കുള്ള വസ്ത്രങ്ങളാണുണ്ടായിരുന്നത്. 15ഒാളം വരുന്ന പ്രവാസികളുടെ നേതൃത്വത്തിൽ രൂപംകൊണ്ട ടീം നാദാപുരം ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ദുരിതമനുഭവിക്കുന്നവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ പ്രവർത്തകരുടെ നേതൃത്വത്തിൽ അടുത്ത ദിവസം വയനാട്ടിലെ ദുരിതകേന്ദ്രത്തിലേക്ക് വീടുകൾ ശുചീകരിക്കാൻ സാധന സാമഗ്രികൾ എത്തിക്കുമെന്ന് നരിക്കോൾ ഹമീദ് ഹാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
