വെള്ളത്തിൽ മുങ്ങി പത്തനംതിട്ട
text_fieldsപത്തനംതിട്ട: ശക്തമായ മഴയും തുറന്നുവിട്ട ഡാമുകളിലെ വെള്ളവും ചേർന്ന് പത്തനംതിട്ട ജില്ലയെ മഹാപ്രളയത്തിലാഴ്ത്തി. പമ്പാ നദീതടത്തിലാണ് കൂടുതൽ ദുരിതമുണ്ടായത്.
റാന്നി മുതൽ ആറന്മുളവരെ 35 കിലോമീറ്ററോളം പമ്പാനദിയുടെ തീരത്ത് നൂറുകണക്കിന് കുടുംബങ്ങൾ വീടുകളിൽ കുടുങ്ങി. മിക്ക വീടുകളുടെയും മേൽകൂരകളിൽ കയറി നിന്ന് ജനം രക്ഷക്കായി മുറവിളികൂട്ടുകയായിരുന്നു. തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിനു തടസ്സമായി. ഇവരെ രക്ഷിക്കാൻ നീണ്ടകരയിൽനിന്ന് ആറു ബോട്ടിലായെത്തിയ മത്സ്യത്തൊഴിലാളികളും ദുരന്ത നിവാരണ സേനയും ഹെലികോപ്ടർ സഹായത്തോടെ സൈനികരും കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഗതാഗതസംവിധാനം എല്ലാം നിലച്ചു. കെ.എസ്.ആർ.ടി.സി അടക്കം ബസ് സർവിസുകളൊന്നുമില്ല. റോഡുകളുടെ മിക്ക ഭാഗങ്ങളും മുങ്ങിയതിനാൽ സ്വകാര്യ വാഹനങ്ങൾക്കും ഒാടാനാകുന്നില്ല. വൈദ്യുതി ബന്ധം അപൂർവസ്ഥലങ്ങളിൽ മാത്രമാണുള്ളത്. മിക്ക സബ്സ്റ്റേഷനുകളും കെ.എസ്.ഇ.ബി അധികൃതർ ഒാഫ് ചെയ്തിട്ടിരിക്കുകയാണ്. നാമമാത്ര കടകൾ മാത്രമാണ് തുറന്നിരിക്കുന്നത്. വീടുകളിൽ കുടുങ്ങിയവർ ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ നരകിക്കുകയാണ്. ടെറസുകൾക്ക് മുകളിൽ കുടുങ്ങിയവർ പെരുമഴ നനഞ്ഞ് രക്ഷാപ്രവർത്തകർ എത്തുന്നത് കാത്തുനിൽക്കുകയാണ്. വ്യാഴാഴ്ച ജില്ലയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച പലയിടത്തായി മൂന്നുപേർ മരിച്ചു.
ഡാമുകൾ തുറന്നതിനു പുറമെ വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടുക കൂടി ചെയ്തതോടെ പമ്പ, അച്ചൻകോവിൽ, മണിമല, കക്കാട്ടാർ എന്നിവയിൽ വെള്ളം ഇരെച്ചത്തിയതാണ് ജില്ലയെ വെള്ളത്തിലാഴ്ത്തിയത്. വെള്ളം കയറുകയും എണ്ണ തീരുകയും ചെയ്തതിനാൽ മിക്ക പെട്രോൾ പമ്പുകളും അടച്ചു. വൈദ്യുതിയില്ലാത്തതിനാൽ ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ചുകൾ ഡീസലിലാണ് പ്രവർത്തിക്കുന്നത്. ഏതാനും മണിക്കൂറുകൾ മാത്രം പ്രവർത്തിക്കാനുള്ള ഡീസലാണ് അവശേഷിക്കുന്നതെന്നും ലാൻഡ് ഫോൺ അടക്കം എല്ലാ ഫോൺ കണക്ഷനും നിലക്കുമെന്നും ബി.എസ്.എൻ.എൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
