പ്രളയം: ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി ഹൈകോടതിയിൽ
text_fieldsകൊച്ചി: ഇൗ വർഷവും പ്രളയമുണ്ടാകുമെന്ന ആശങ്കക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് വൈദ്യുതി ബോർഡ് ഹൈകോടതിയിൽ അറിയിച്ചു. മഴക്കാലമെത്തും മുമ്പേ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നെന്ന മാധ്യമവാർത്തകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് കെ.എസ്.ഇ.ബി ഇക്കാര്യം അറിയിച്ചത്.
ഇടുക്കിയിലെ ജനറേറ്ററുകളിൽ ചിലത് പ്രവർത്തനക്ഷമമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ കത്തിൽ പരാമർശിച്ചിരുന്നു. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.സി. തോബിയാസ് സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇക്കാര്യവും വിശദീകരിച്ചിട്ടുണ്ട്.
ഇടുക്കി പവർ ഹൗസിലെ ആറ് ജനറേറ്ററുകളിൽ നാലെണ്ണം പ്രവർത്തനക്ഷമമാണ്. ഒരു ജനറേറ്റർ കൂടി ഈ മാസം 30 മുതൽ പ്രവർത്തിച്ചു തുടങ്ങും. മറ്റൊന്നിെൻറ നവീകരണം നടക്കുന്നു. ജനറേറ്ററുകൾക്ക് കാലപ്പഴക്കമുള്ളതിനാൽ പുതിയൊരു പവർ ഹൗസ് സ്ഥാപിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി റിപ്പോർട്ടിനായി േഗ്ലാബൽ ടെൻഡർ നടപടി തുടങ്ങി.
ജൂൺ-നവംബർ കാലയളവിൽ പ്രതിദിനം മൂന്ന്-നാല് മില്യൻ യൂനിറ്റ് വൈദ്യുതിയാണ് ഇടുക്കിയിൽ ഉൽപാദിപ്പിക്കുന്നത്. ഇതിന് ഒന്നോ രണ്ടോ മെഷീനുകൾ പ്രവർത്തിപ്പിച്ചാൽ മതി. അതിനാലാണ് മൺസൂണിൽ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിൽ ആശങ്ക വേണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
കെ.എസ്.ഇ.ബിയുടെ 37 ഡാമുകൾക്കും സമഗ്ര അടിയന്തര കർമപദ്ധതി തയാറാക്കി. ഇതിന് കേന്ദ്ര ജല കമീഷെൻറ അംഗീകാരവുമുണ്ട്. മേയ് അഞ്ചുമുതൽ എട്ടുവരെ ഡാമുകളിലെ ജലനിരപ്പ് കൈകാര്യം ചെയ്യുന്നതിനും മൺസൂൺ ഒരുക്കങ്ങൾക്കുമായി എട്ടുതവണ ഉന്നതതല യോഗം ചേർന്നു.
ഈ മാസം ഒന്നിലെ കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2338.46 അടിയാണ് -സംഭരണശേഷിയുടെ 62.7 ശതമാനം. ബോർഡ് കൈകാര്യം ചെയ്യുന്ന 18 റിസർവോയറുകളുടെയും ആകെ സംഭരണശേഷി 3532 എം.സി.എം (മില്യൺ ക്യുബിക് മീറ്റേഴ്സ്) ആണ്. ഇവയിൽ സംഭരിച്ചത് 845.06 എം.സി.എം ജലം. ഇത് ആകെ സംഭരണശേഷിയുടെ 23.9 ശതമാനം മാത്രമാണെന്നും വകുപ്പ് കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
