വെള്ളപ്പൊക്ക കെടുതി ‘കടുത്ത ദുരന്തം’ കേന്ദ്രസംഘം ഒരാഴ്ചക്കകം കേരളത്തിലേക്ക്
text_fieldsന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക കെടുതി ‘കടുത്ത ദുരന്ത’മായി കണക്കാക്കി സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. സഹായത്തിെൻറ തോത് നിശ്ചയിക്കാൻ കേന്ദ്രസംഘത്തെ ഇൗയാഴ്ച തന്നെ കേരളത്തിലേക്ക് അയക്കും. അവരുെട റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നതതല സമിതി സഹായത്തുക നിശ്ചയിക്കും.
പ്രകൃതിക്ഷോഭത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന ദീർഘചർച്ചക്കുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവാണ് ഇൗ ഉറപ്പുനൽകിയത്. എന്നാൽ, കെടുതിയുടെ രീതിയും ഗൗരവവും പരിഗണിച്ച് കേന്ദ്രസഹായത്തിെൻറ മാനദണ്ഡങ്ങളിൽ ഇളവു വേണമെന്ന കേരള എം.പിമാരുടെ ആവശ്യങ്ങളിൽ ഉറപ്പൊന്നുമില്ല. കേന്ദ്രം മതിയായ സഹായം നൽകിയില്ലെന്ന വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. 80 കോടി രൂപ ഇതിനകം അനുവദിച്ചത് അടിയന്തര ദുരിതാശ്വാസ സഹായം എന്ന നിലക്കാണ്. ദീർഘകാല പുനർനിർമാണ പ്രവർത്തനങ്ങൾക്കുള്ള സഹായം മറ്റൊന്നാണ്. കേന്ദ്രസംഘത്തിെൻറ റിപ്പോർട്ടു പ്രകാരമാണ് അത് നിശ്ചയിക്കുക. ഒരു സംസ്ഥാനത്തോടും വിവേചനം കാട്ടില്ല. മാനദണ്ഡം അനുസരിച്ച് സഹായം നൽകും.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഉടനടി തെൻറ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കി, അതനുസരിച്ചാണ് കടുത്ത ദുരന്തമായി വെള്ളപ്പൊക്ക കെടുതിയെ കാണുന്നത്. വെള്ളപ്പൊക്ക കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല. അതിന് ഏറ്റവുമടുത്ത ഗൗരവം നൽകുകയാണ് കടുത്ത ദുരന്തമായി കണക്കാക്കുന്നതിലൂടെ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര ജോയൻറ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ മന്ത്രാലയ സെക്രട്ടറിമാർ, നിതി ആയോഗ് പ്രതിനിധികൾ എന്നിവരുൾപ്പെട്ട കേന്ദ്രസംഘം 10 ദിവസത്തിനകം കേരളത്തിലെത്തുമെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. കെടുതിയുടെ രൂക്ഷത കുറഞ്ഞശേഷം പഠിക്കാൻ വരുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഇൗയാഴ്ച തന്നെ സംഘത്തെ അയക്കുമെന്ന് മന്ത്രി അറിയിച്ചത്.
കെടുതിയുടെ സാഹചര്യങ്ങൾ മറികടക്കാൻ സംസ്ഥാന സർക്കാറിനൊപ്പം കേന്ദ്രം പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാകത്തിൽ തയാറായിനിൽക്കാൻ ദുരന്തനിവാരണ സേന, സൈന്യം എന്നിവയോട് നിർദേശിച്ചിട്ടുണ്ട്. ജില്ല ഭരണകൂടം നല്ല പ്രവർത്തനമാണ് വിവിധ സ്ഥലങ്ങളിൽ നടത്തുന്നതെന്ന് തനിക്ക് ബോധ്യപ്പെട്ടു. കടലാക്രമണം, കുട്ടനാട്ടിലെ പ്രത്യേക സാഹചര്യങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്രസഹായ മാനദണ്ഡങ്ങളിൽ ഇളവു വേണമെന്ന് കേരള എം.പിമാർ ആവശ്യപ്പെെട്ടങ്കിലും മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറി. 831 കോടി രൂപയുടെ കേന്ദ്രസഹായത്തിന് സംസ്ഥാന സർക്കാർ നൽകിയ നിവേദനത്തെക്കുറിച്ചും മറുപടിയുണ്ടായില്ല.
ഒാഖി ദുരന്തശേഷം കേന്ദ്രസഹായം ഇനിയും കിട്ടിയില്ലെന്ന വാദം ശരിയല്ലെന്ന് മന്ത്രി വിശദീകരിച്ചു.169.63 കോടി രൂപ നൽകിക്കഴിഞ്ഞിട്ടുണ്ട്. ദീർഘകാല പുനർനിർമാണ സഹായമാണ് ഇനി നിശ്ചയിക്കാനുള്ളതെന്ന് കിരൺ റിജിജു വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
