പ്രളയ നഷ്ടപരിഹാരം: ഇൻഷുറൻസ് കമ്പനിക്കെതിരെ സപ്ലൈകോ കോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ മില്ലുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങൾ നശിച്ചതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനിക്കെതിരെ സപ്ലൈകോ കോടതിയിലേക്ക്. കേടായ ഭക്ഷ്യധാന്യങ്ങൾക്ക് തുല്യമായ ഇൻഷുറൻസ് തുക അനുവദിക്കാത്തതിനെ തുടർന്നാണ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങാൻ സപ്ലൈകോ തീരുമാനിച്ചത്. പ്രളയത്തിൽ 137.11 കോടിയുടെ ഭക്ഷ്യധാന്യങ്ങളാണ് നശിച്ചത്. ഇതിൽ 131.27 കോടി സപ്ലൈകോയുമായി കാരാറുള്ള മില്ലുകളിൽനിന്നും ബാക്കി 5.84 കോടി ഡിപ്പോകളിലും വിൽപനശാലകളിലും എൻ.എഫ്.എസ്.എ ഗോഡൗണുകളിലുമാണ്.
മില്ലുകളിലെ ഭക്ഷ്യധാന്യം 273 കോടി രൂപക്ക് സപ്ലൈകോ ഇൻഷുർ ചെയ്തിരുന്നെങ്കിലും ഡിപ്പോയിലും ഗോഡൗണുകളിലും വിൽപനശാലകളിലുമുള്ള ഭക്ഷ്യധാന്യങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 5.84 കോടിയുടെ നഷ്ടം കോർപറേഷന് എഴുതിത്തള്ളേണ്ടിവരും.
മില്ലുകളിലുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങൾക്ക് നഷ്ടപരിഹാരമായി 131.27 കോടി െക്ലയിം ചെയ്തെങ്കിലും കമ്പനി ഇതുവരെ നൽകിയത് 25 കോടി രൂപമാത്രമാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. സാമ്പത്തിക പരാധീനതകളിൽ നട്ടം തിരിയുന്ന സ്ഥാപനത്തെ താങ്ങിനിർത്തുന്നതിന് അടിയന്തരമായി ബാക്കി തുക കൂടി അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെെട്ടങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പ്രളയത്തിൽ സംസ്ഥാനത്തെ 32 അരിമില്ലുകളാണ് വെള്ളത്തിൽ മുങ്ങിയത്. ഇതിൽ നല്ലൊരു ശതമാനവും എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂർ മേഖലകളിലായിരുന്നു. ഓണവിപണി പ്രതീക്ഷിച്ച് ടൺ കണക്കിന് നെല്ലാണ് കിലോക്ക് 25.30 രൂപനിരക്കിൽ കർഷകരിൽ നിന്ന് സംഭരിച്ച് മില്ലുകളിലേക്ക് നൽകിയത്.
എന്നാൽ, മെഷീനുകൾ വെള്ളത്തിൽ മുങ്ങിയതോടെ കോടികളുടെ നഷ്ടമാണ് സപ്ലൈകോക്ക് ഉണ്ടായത്. അഞ്ചുവർഷത്തേക്ക് 13 ഇനം സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ തുടർന്ന് 2017-18ൽ സാമ്പത്തിക വർഷം 431 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം 350 കോടിയോളം രൂപയുമാണ് സപ്ലൈകോയുടെ നഷ്ടം. ഇൗ സാഹചര്യത്തിൽ ഇൻഷുറൻസ് തുക കൂടി കിട്ടിയില്ലെങ്കിൽ സ്ഥാപനം വലിയ പ്രതിസന്ധിയിേലക്ക് നീങ്ങുമെന്ന് ജീവനക്കാർ പറയുന്നു.
ഉദ്യോഗസ്ഥർ വെട്ടിച്ചത് 82 കോടി
തിരുവനന്തപുരം: സപ്ലൈകോയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിൽ ജീവനക്കാരുടെ പങ്കും ചെറുതല്ല. സപ്ലൈകോയിൽനിന്ന് കഴിഞ്ഞ ഡിസംബർ വരെ ഉദ്യോഗസ്ഥർ കടത്തിയത് 82 കോടിയോളം രൂപയാണ്. കഴിഞ്ഞ മാർച്ചിൽ ഭക്ഷ്യവകുപ്പിെൻറ സംസ്ഥാനതല പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സപ്ലൈകോ ജീവനക്കാരിൽനിന്ന് 68.36 കോടി രൂപയും ഡെപ്യൂട്ടേഷനിൽ എത്തിയവരിൽനിന്ന് 13.78 കോടിയും ലഭിക്കാനുണ്ട്. ക്രമക്കേട് നടത്തിയ 23 പേരെ ഇതുവരെ സർവിസിൽ നിന്ന് നീക്കിയിട്ടുണ്ട്.
33 ജീവനക്കാർക്കെതിരെ വിജിലൻസ് കേസുണ്ട്. ഇവരിൽ നിന്ന് 4.65 കോടി രൂപ കിട്ടാനുണ്ട്. 12 കേസുകൾക്ക് കോടതിയുടെ സ്റ്റേ ഉണ്ട്. 73 ലക്ഷം രൂപ അതിൽ കുടുങ്ങി. വിരമിച്ച 122 ജീവനക്കാരുടെ പേരിൽ 11 കോടിയുടെ ബാധ്യതയുണ്ട്. അപ്പീൽ തള്ളിയ നാലു കേസുകളിൽ ഉൾപ്പെട്ടവരിൽ നിന്ന് 15 ലക്ഷം രൂപ കോർപറേഷൻ ഇനിയും ഈടാക്കിയിട്ടില്ല. സപ്ലൈകോയിൽ പ്രവർത്തിക്കുമ്പോൾ സാമ്പത്തിക ക്രമക്കേടിൽ നടപടി നേരിടുന്നതിനിടെ മരിച്ച 29 പേരുടെ ബാധ്യത 1.73 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
