You are here
പ്രളയ സെസ് ആഗസ്റ്റ് ഒന്ന് മുതൽ; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുസേവന നികുതിക്കൊപ്പം ഒരുശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ആഗസ്റ്റ് ഒന്ന് മുതലാണ് സെസ് നൽകേണ്ടത്. പ്രളയാനന്തര പുനർനിർമാണത്തിനു വേണ്ടിയാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തിൽ സെസ് ചുമത്തുന്നത്.
സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കോമ്പോസിഷൻ രീതി െതരഞ്ഞെടുത്ത വ്യാപാരികളെയും സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയിൽ വരുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവക്ക് 0.25 ശതമാനവും മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിന്മേൽ ഒരു ശതമാനവുമാണ് സെസ്.
പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ ബില്ലിങ് സോഫ്ട്‍വെയറിൽ വരുത്തുവാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങൾ www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കണം.