ഫ്ലോട്ടിങ് സംവരണം: രാഷ്ട്രീയ തീരുമാനത്തിനുവിട്ട് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ സംവരണ വിഭാഗങ്ങളുടെ സീറ്റ് നഷ്ടം ഒഴിവാക്കാൻ ഏർപ്പെടുത്തിയ ഫ്ലോട്ടിങ് സംവരണം ഒഴിവാക്കണമെന്ന ശിപാർശ രാഷ്ട്രീയ തീരുമാനത്തിനുവിട്ട് സർക്കാർ. ഒ.ബി.സി, പട്ടിക ജാതി, പട്ടിക വർഗ, സാമ്പത്തിക സംവരണ വിഭാഗങ്ങളിലെ (ഇ.ഡബ്ല്യു.എസ്) വിദ്യാർഥികൾക്ക് സീറ്റ് നഷ്ടത്തിന് വഴിവെക്കുന്ന ഫ്ലോട്ടിങ് സംവരണം ഒഴിവാക്കൽ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ ഈ രീതി നിർത്തലാക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് നൽകിയ കത്ത് ‘മാധ്യമം’ പുറത്തുവിട്ടതോടെയാണ് വിവാദമായത്.
ഇതിനെ തുടർന്ന്, മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഫ്ലോട്ടിങ് സംവരണം തൽക്കാലം തുടരാനും വിഷയം പ്രോസ്പെക്ടസ് പരിഷ്കരണത്തിനുള്ള റീവാമ്പിങ് കമ്മിറ്റി യോഗത്തിൽ പരിഗണിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന റീവാമ്പിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം പരിഗണനക്ക് വന്നില്ല. വിഷയം അജണ്ടയിൽ ഉൾപ്പെടുത്താനായി പ്രവേശന പരീക്ഷ കമീഷണറേറ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കുറിപ്പ് നൽകിയിരുന്നെങ്കിലും സർക്കാർ നിർദേശത്തെ തുടർന്ന് അജണ്ടയിൽ നിന്ന് മാറ്റുകയായിരുന്നു. ഇതുസംബന്ധിച്ച് രാഷ്ട്രീയ തീരുമാനമെടുത്ത ശേഷം തുടർനടപടി മതിയെന്ന നിർദേശത്തെ തുടർന്നാണ് അജണ്ടയിൽ നിന്ന് ഒഴിവാക്കിയത്.
അതേസമയം, എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ മാർക്കും സ്റ്റാന്റേഡൈസേഷൻ പ്രക്രിയക്ക് വിധേയമാക്കി റാങ്ക് പട്ടിക തയാറാക്കുമ്പോൾ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് നഷ്ടം സംഭവിക്കുന്ന പ്രശ്നം മുഖ്യമന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരം പരിഹരിക്കാനും റീവാമ്പിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. മുഖ്യമന്ത്രിതല യോഗം വൈകാതെ നടക്കും.
ഫാർമസി കോഴ്സുകളിലേക്ക് പ്രത്യേകം പ്രവേശന പരീക്ഷ
തിരുവനന്തപുരം: ഫാർമസി കോഴ്സിലേക്ക് (ബി.ഫാം) പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ പ്രോസ്പെക്ടസ് പരിഷ്കരണത്തിനുള്ള റീവാമ്പിങ് കമ്മിറ്റി യോഗം ശിപാർശ ചെയ്തു. നിലവിൽ എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊപ്പം തന്നെയാണ് ഫാർമസി പ്രവേശന പരീക്ഷയും.
എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി പാർട്ടിൽ ലഭിച്ച മാർക്ക് പരിഗണിച്ചാണ് ഫാർമസി റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിക്കാതെ, ഫാർമസിക്ക് മാത്രമായി അപേക്ഷിച്ചവർക്ക് പ്രത്യേക പരീക്ഷ നടത്തിയിരുന്നു. അടുത്ത തവണ എൻജിനീയറിങ് പരീക്ഷ എഴുതുന്നവർക്കും ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ എഴുതണമെന്ന രീതിയിലാണ് മാറ്റം വരുന്നത്.
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിൽ തന്നെയായിരിക്കും നടത്തുക. ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി എന്നിവ അടങ്ങിയ ആയുഷ് കോഴ്സുകളിലേക്ക് മൂന്ന് അലോട്ട്മെന്റുകൾക്കുശേഷം സ്ട്രേ വേക്കൻസി റൗണ്ട് മുതൽ പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തി അലോട്ട്മെൻറ് നടത്താനും ഇതിനനുസൃതമായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താനും യോഗം ശിപാർശ ചെയ്തു. ശിപാർശ സർക്കാർ അംഗീകരിച്ച് ഉത്തരവിറങ്ങുന്ന മുറക്ക് പരിഷ്കരിച്ച പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.