വിമാനത്തിൽ പിറകിലായത് തുണച്ചു; ഷാഹിനയും നാല് മക്കളും രക്ഷപ്പെട്ടു, കാര്യാവട്ടം ഗ്രാമത്തിന് ആശ്വാസം
text_fieldsമേലാറ്റൂർ: കരിപ്പൂർ വിമാന ദുരന്തം അറിഞ്ഞതുമുതൽ കാര്യാവട്ടം ഗ്രാമം ഉള്ളുരുകിയുള്ള പ്രാർഥനയിലായിരുന്നു. തങ്ങളുടെ നാട്ടിെല ഉമ്മയും നാല് കുഞ്ഞുങ്ങളും ആ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. അവരുടെ വിവരം അറിയാനുള്ള നെേട്ടാട്ടത്തിലായിരുന്നു നാട്ടുകാർ. ഒടുവിൽ തലനാരിഴക്ക് രക്ഷപ്പെട്ട വിവരം അറിഞ്ഞപ്പോഴാണ് പെരിന്തൽമണ്ണ വെട്ടത്തൂർ കാര്യാവട്ടം ഗ്രമത്തിന് ആശ്വാസമായത്.
വിമാനത്തിൽ പിറകുവശത്തായിട്ടായിരുന്നു ഇവർ ഇരുന്നിരുന്നത്. ഉമ്മക്കും വലിയ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കാര്യാവട്ടം ജങ്ഷൻ അംഗൻവാടിക്ക് സമീപത്തെ കുണ്ടോട്ടുപാറക്കൽ അൻഷാദിെൻറ ഭാര്യ ഷാഹിന (39), മക്കളായ സിയാൻ (14), സയാ മോൾ (ഒമ്പത്), ഇരട്ടക്കുട്ടികളായ സാമിൽ, സൈൻ (ആറര) എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ സിയാെൻറ കാലിന് പൊട്ടലുണ്ട്. മാതാവ് ഷാഹിനക്ക് നെറ്റിയിൽ ചെറിയ മുറിവും പറ്റി. ഇവരിപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാലിന് പരിക്കേറ്റ സിയാനെ ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭർത്താവ് ദുബൈയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ മാർച്ചിലാണ് കുടുംബം ദുബൈയിലേക്ക് പോയത്. ജൂണിൽ തിരിച്ചുവരാൻ ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര നീളുകയായിരുന്നു.

