‘മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു’; രാഹുൽ ഫ്ലാറ്റ് ഒഴിയണമെന്ന് അസോസിയേഷൻ
text_fieldsപാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഫ്ലാറ്റ് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ നോട്ടീസ്. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്നാണ് അസോസിയേഷന്‍റെ നിർദേശം.
ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഫ്ലാറ്റ് ഒഴിയാൻ രാഹുൽ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഫ്ലാറ്റിൽ നിന്ന് സാധനസാമഗ്രികൾ നീക്കുന്നത് ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയപ്പോഴാണ് കുന്നത്തൂർമേട്ടിലെ ഫ്ലാറ്റ് രാഹുൽ വാടകക്ക് എടുത്തത്. അന്ന് പാർട്ടി നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങൾ അടക്കമുള്ളവർ വലിയ ആഘോഷത്തിലാണ് പാലുകാച്ചൽ ചടങ്ങ് നടത്തിയത്.
രാഹുലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതി നവംബർ 27നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അന്ന് ഫ്ലാറ്റിലെത്തിയ രാഹുൽ വൈകിട്ട് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് രാഹുലിനെ കണ്ടെത്താനായി പരിശോധനക്കായി പ്രത്യേക അന്വേഷണ സംഘം ഫ്ലാറ്റിൽ എത്തിയിരുന്നു. ഈ പരിശോധനയിലാണ് രാഹുൽ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് സിസിടിവിയുടെ ചുമതലയുള്ള ആളെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു.
രാഹുലുമായി ബന്ധപ്പെട്ട് നിരന്തരം പരിശോധനയും വാർത്തയും നിറഞ്ഞുനിൽക്കുന്നത് മറ്റ് ഫ്ലാറ്റുകളിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുൽ വീട് ഒഴിഞ്ഞാൽ നന്നായിരുന്നുവെന്ന നിർദേശം ഫ്ലാറ്റ് അസോസിയേഷൻ മുന്നോട്ടുവെച്ചത്.
ബലാത്സംഗക്കേസിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ചയാണ് പാലക്കാട് തിരിച്ചെത്തിയത്. രണ്ടാം പീഡനക്കേസിൽ ബുധനാഴ്ച മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് രാഹുൽ ഒളിവുജീവിതം അവസാനിപ്പിച്ചത്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിലെത്തി രാഹുൽ വോട്ട് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയേക്കുമെന്ന സൂചന രാവിലെ മുതല്‍ ശക്തമായിരുന്നു. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ വൈകീട്ട് 4.55ഓടെയാണ് എത്തിയത്.
എം.എല്‍.എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിനു മുന്നില്‍ സി.പി.എം, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധങ്ങളും കൂവലും വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബൂത്ത് നമ്പര്‍ രണ്ടിൽ വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

