സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു
text_fieldsസി.ഐ.ടി.യു 16ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് സംഘാടക സമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തുന്നു
കോട്ടയം: സി.ഐ.ടി.യു പതിനാറാം സംസ്ഥാന സമ്മേളനത്തിന് അക്ഷരനഗരിയിൽ പതാക ഉയർന്നു. സംഘാടകസമിതി ചെയർമാൻ ടി.ആർ. രഘുനാഥൻ പതാക ഉയർത്തി. പ്രമുഖ നേതാക്കളുടെ സ്‌മൃതിമണ്ഡപങ്ങളിൽ നിന്നാണ് പതാക-കൊടിമര-കപ്പി-കയർ ജാഥകൾ വെള്ളിയാഴ്ച ഉച്ചയോടെ പുറപ്പെട്ടത്. മുദ്രാവാക്യം വിളികളാൽ ആവേശകരമായ അന്തരീക്ഷത്തിൽ കോട്ടയം കലക്ടറേറ്റ് പരിസരത്ത് സംഗമിച്ച ജാഥകൾ വൈകിട്ട് അഞ്ചോടെ തിരുനക്കര മൈതാനത്തെത്തി. തുടർന്നായിരുന്നു പതാക ഉയർത്തൽ.
പ്രതിനിധി സമ്മേളനം നടക്കുന്ന മാമ്മൻ മാപ്പിള ഹാളിൽ സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ ശനിയാഴ്ച രാവിലെ 7.30ന് നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി. എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യും. രാവിലെ 9.15ന് ദീപശിഖ സമ്മേളന നഗറിൽ സ്ഥാപിക്കും. 9.30ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി. രാമകൃഷ്‌ണൻ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം രാവിലെ 10ന് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി), കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി) എന്നിവർ സംസാരിക്കും.
സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്‍റ് സുദീപ് ദത്ത, സെക്രട്ടറി എ.ആർ. സിന്ധു, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കണ്ണൻ എന്നിവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 1149 യൂനിയനുകളെ പ്രതിനിധീകരിച്ച് 625 പ്രതിനിധികൾ പങ്കെടുക്കും. എട്ടിനും ഒമ്പതിനും പ്രതിനിധി സമ്മേളനം തുടരും. ഒമ്പതിന് വൈകിട്ട് നാലിന് ലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന റാലി. പൊതുസമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ (നെഹ്‌റു സ്‌റ്റേഡിയം) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

