നിരോധനത്തിന് അഞ്ച് വർഷം; പ്ലാസ്റ്റിക് കവറുകൾ സുലഭം
text_fieldsപാലക്കാട്: നിരോധനമെല്ലാം കാറ്റിൽ പറത്തി വിപണിയിൽ പ്ലാസ്റ്റിക് കവറുകളുടെ വിൽപന സജീവം. 2020 ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് സംസ്ഥാനത്ത് സമ്പൂർണ നിരോധനം നടപ്പാക്കിയത്.
എന്നാൽ, ഒഴിവാക്കിയവയെല്ലാം കോവിഡ് കാലത്തിനുശേഷം സുലഭമായതോടെ 2022 ജൂലൈ ഒന്ന് മുതൽ വീണ്ടും കർശന നിരോധനം ഏർപ്പെടുത്തി. എന്നാൽ, അഞ്ചുവർഷം തികയുമ്പോൾ പ്ലാസ്റ്റിക് കവറുകൾ വ്യാപകമാണ്. നിരോധനം ഏർപ്പെടുത്തിയപ്പോൾ പ്ലാസ്റ്റിക്കിന് ബദലായി 45 തരം ഉൽപന്നങ്ങൾ തയാറാക്കിയിരുന്നു. ഇവയൊന്നും നിലവിൽ വിപണിയിൽ ലഭ്യമല്ല. തുണിക്കടകളിലും വൻകിട വ്യാപാര സ്ഥാപനങ്ങളിലും പേപ്പർ ബാഗ്, തുണിസഞ്ചി എന്നിവയാണ് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം നൽകുന്നത്. ഇതിന് പ്രത്യേകം തുകയും ഈടാക്കുന്നുണ്ട്.
സൈപ്ലകോ അടക്കമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സബ്സിഡി സാധനങ്ങളെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് പാക്ക് ചെയ്യുന്നത്. ഇറച്ചിക്കടകളിലും മീൻകടകളിലുമെല്ലാം പ്ലാസ്റ്റിക് ഉപയോഗം വ്യാപകമാണ്. തട്ടുകടകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിലെല്ലാം നിരോധിത പ്ലാസ്റ്റിക് കവറുകളുണ്ട്.
വല്ലപ്പോഴും ആരോഗ്യ വിഭാഗം പേരിന് പരിശോധന നടത്തുന്നതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിക്കാറില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശംവെക്കുന്നതും നൽകുന്നതും കുറ്റകരമാണെന്നതിനാൽ 10,000 മുതൽ 25,000 വരെയാണ് വ്യാപാരികളിൽനിന്ന് പിഴയീടാക്കുന്നത്.
കുടുംബശ്രീ വഴിയും മറ്റ് സഹകരണ സംഘങ്ങൾ വഴിയുമെല്ലാം പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാനാകുന്ന ബാഗുകളും മറ്റും നിർമിക്കുന്നുണ്ടെങ്കിലും അധികം പച്ചപിടിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിൽനിന്നും മൊത്തമായി എത്തിക്കുന്ന നോൺ വൂവൻ, പേപ്പർ ബാഗുകളാണ് വ്യാപാരികൾ കൂടുതലായി വാങ്ങുന്നത്.
ഇത് കുടുംബശ്രീ പോലുള്ള സംരംഭകരെ നഷ്ടത്തിലാക്കുന്നു. 2020 ഡിസംബറോടെ സംസ്ഥാനത്തെ പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അഞ്ചുവർഷമായിട്ടും ലക്ഷ്യത്തിലെത്താനായിട്ടില്ല.
നിരോധിച്ച ഉൽപന്നങ്ങൾ
പ്ലാസ്റ്റിക് കാരി ബാഗുകൾ, മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയർ ബഡ്സുകൾ, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്, ക്ഷണക്കത്തുകൾ-സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, നോൺ വൂവൻ ഉൾപ്പെടെയുളള പ്ലാസ്റ്റിക്ക് കാരി ബാഗുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ (ബയോ മെഡിക്കൽ മാലിന്യത്തിനായുള്ളവ ഒഴികെ), ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, കപ്പുകൾ, തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കൾ, പ്ലേറ്റുകൾ, ഏകോപയോഗ പ്ലാസ്റ്റിക് നിർമിത സ്പൂൺ, ഫോർക്ക്, സ്ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ, പി.വി.സി ഫ്ലക്സുകൾ, പ്ലാസ്റ്റിക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെളള പൗച്ചുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള പി.ഇ.ടി/പി.ഇ.ടി.ഇ കുടിവെള്ളക്കുപ്പികൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

