മണ്ണുമാന്തി യന്ത്രം വനം വകുപ്പ് പിടിച്ചെടുത്തിട്ട് അഞ്ച് വർഷം; ആത്മഹത്യഭീഷണിയുമായി ആദിവാസി യുവാവ്
text_fieldsമണ്ണുമാന്തി യന്ത്രത്തിനു മുകളിൽ ആത്മഹത്യഭീഷണിയുമായി അജീഷ്
ചെറുതോണി: അഞ്ചുവർഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യഭീഷണിയുമായി ആദിവാസി യുവാവ്. കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷാണ് മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഇരുപ്പുറപ്പിച്ചത്. നാലുമണിക്കൂർ നീണ്ട സമരത്തിന് ശേഷം ഡി.എഫ്.ഒയുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നൽകിയ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. 2020ത്തിൽ കഞ്ഞിക്കുഴിയിൽ വീട് നിർമാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിച്ചാണ് മണ്ണുമാന്തി യന്ത്രം നേര്യമംഗലം റേഞ്ച് ഓഫിസർ ചെമ്പൻകുഴി ഫോറസ്റ്റ് ഓഫിസിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടത്.
മണ്ണുമാന്തി യന്ത്രവുമായി എത്തിയെങ്കിലും കേസെടുത്ത ശേഷം വിട്ടുകൊടുത്തില്ലെന്ന് അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പിനുണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗരംപാറ റേഞ്ച് ഓഫിസറുടെ നിർദേശപ്രകാരമാണ് മണ്ണുമാന്തി യന്ത്രം നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ചെമ്പൻ കുഴി ഫോറസ്റ്റ് ഓഫിസിൽ എത്തിച്ചത്. എന്നാൽ, കോടതി ഉത്തരവുണ്ടായിട്ടും മണ്ണുമാന്തി യന്ത്രം വിട്ടുകൊടുക്കാൻ വനപാലകർ തയാറായില്ലെന്നും കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് വാഹനം പൂർണമായി നശിച്ചതായും യുവാവ് പറയുന്നു.
വാഹനം പിടിച്ചിട്ടതോടെ വലിയ കടബാധ്യതയാണ്. ജീവിതം തകർന്നു. തനിക്കുണ്ടായ നഷ്ടം തിരികെ കിട്ടാതെ പിന്നോട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും കവളങ്ങാട് പഞ്ചായത്ത് ജനപ്രതിനിധികളും ഊന്നുകൽ പൊലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ ഡി.എഫ്.ഒയുമായി ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

