അഞ്ചു വർഷം; 364 പൊലീസ് സ്റ്റേഷൻ പരിധിയിൽ 33,212 ആത്മഹത്യ
text_fieldsതൃശൂർ: സംസ്ഥാനത്തെ 364 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 33,212 പേർ. ഇതിൽ ഏറെയും പുരുഷന്മാരാണ്. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് 485 സ്റ്റേഷനുകളിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് ഈ കണക്ക് ലഭ്യമായത്.
അതേസമയം, 81 പൊലീസ് സ്റ്റേഷനുകൾ മറുപടി നൽകാതിരിക്കുകയും 37 സ്റ്റേഷനുകൾ നേരിട്ടെത്തി വിവരങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തതെന്ന് ഷാജി കോടങ്കണ്ടത്ത് അറിയിച്ചു. ആത്മഹത്യ ചെയ്യുന്നവരുടെ കണക്കും വിവരങ്ങളും കാരണവും പൊലീസ് സ്റ്റേഷനിലോ ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പുകളോ ക്രോഡീകരിച്ച് സൂക്ഷിക്കാത്തത് വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. വിവരം ലഭ്യമാക്കാത്ത സ്റ്റേഷനുകളുടെ പരിധിയിലുണ്ടായ ആത്മഹത്യകൾ കൂടി ചേർത്താൽ കണക്ക് വർധിക്കും.
ആത്മഹത്യക്കെതിരായ കൗൺസലിങ് ചെറിയ ക്ലാസുകൾ മുതൽ നൽകുകയും എല്ലാ വിഭാഗം സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം നടത്തുകയും വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ, സാമൂഹികക്ഷേമ മന്ത്രിമാർ, പ്രധാനമന്ത്രി എന്നിവർക്ക് പരാതി അയച്ചതായി ഷാജി അറിയിച്ചു.
വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിന് മനഃപൂർവം മറുപടി നൽകാതിരുന്ന സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഈ സ്റ്റേഷനുകളിലെ വിവരാവകാശ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ അപ്പീൽ നൽകിയതായും ഷാജി കോടങ്കണ്ടത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

