പ്രവൃത്തിദിനം അഞ്ചാക്കൽ: സർവിസ് സംഘടന യോഗം നാളെ
text_fieldsതിരുവനന്തപുരം: സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് സർവിസ് സംഘടന പ്രതിനിധികളുടെ യോഗം വെള്ളിയാഴ്ച നടക്കും. രാവിലെ പത്തിന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേരുക. എല്ലാ അംഗീകൃത സംഘടനകളിൽ നിന്നും ഓരോ പ്രതിനിധികളാണ് പങ്കെടുക്കുക. ഇതിന് കഴിയാത്തവർക്ക് സംഘടനയുടെ ലെറ്റർപാഡിൽ വിശദാംശങ്ങളെഴുതി നൽകാം.
ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്റെയും ചുവടുപിടിച്ച്, ഓഫിസുകൾക്ക് നിലവിലുള്ള ഞായറിനുപുറമെ ശനി കൂടി അവധി നൽകുന്നതാണ് പരിഗണിക്കുന്നത്. ഏഴ് മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും. രാവിലെയും വൈകീട്ടുമായി പ്രവൃത്തി സമയം ഒന്നര മണിക്കൂർ ദീർഘിപ്പിച്ചാൽ ആഴ്ചയിൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് പകരമായി ഇത് ഉപയോഗപ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. അപ്പോൾ നിവലിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകീട്ട് 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കി മാറ്റേണ്ടിവരും.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യം മുൻനിർത്തി നേരത്തെയും പ്രവൃത്തി ദിനം കുറക്കുന്നത് ചർച്ചയിലുണ്ടായിരുന്നു. രണ്ടാം ശനിക്കൊപ്പം നാലാം ശനിയും അവധിയാക്കുന്നതായിരുന്നു ആലോചന. ജീവനക്കാരുടെ കാഷ്വൽ അവധി കുറയുമെന്ന സ്ഥിതിവന്നതോടെ സർവിസ് സംഘടനകൾ എതിർപ്പുയർത്തി. ഇതോടെ ചർച്ച വഴിമുട്ടി. പിന്നാലെയാണ് പ്രവൃത്തി ദിനം അഞ്ചാക്കുന്ന ആലോചന ആരംഭിച്ചത്. സർക്കാർ വാഹനങ്ങളുടെ ഓട്ടം, ഓഫിസ് ചെലവുകൾ, വൈദ്യുതി ഉപയോഗം, വെള്ളം എന്നീ കാര്യങ്ങളിലെ സാമ്പത്തിക ലാഭമാണ് പരിഷ്കാരത്തിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

