വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് വാഹനങ്ങൾ തകർന്നു; ബൈക്ക് യാത്രികക്ക് പരിക്ക്
text_fieldsടോൾ പ്ലാസയിൽ അപകടത്തിൽപെട്ട ടിപ്പർ ലോറിയും റിക്കവറി വാനും
പാച്ചല്ലൂർ: കോവളം ബൈപാസിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് വാഹനങ്ങൾക്ക് നാശനഷ്ടം; ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ബൈപാസിൽ പാച്ചല്ലൂരിലെ ടോൾ പ്ലാസയിലും പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപവുമാണ് അപകടങ്ങൾ നടന്നത്.
ടോൾ പ്ലാസയിലാണ് ആദ്യ അപകടം. ഇവിടെ എത്തിയ റിക്കവറി വാൻ പിന്നിലേക്ക് എടുക്കവെ പിന്നിൽ നിന്നെത്തിയ ടിപ്പർ ലോറി റിക്കവറി വാനിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായെത്തിയ ലോറിയാണ് അപകടം സൃഷ്ടിച്ചത്. ഇതിന് പിന്നാലെ സന്ധ്യക്ക് ബൈപാസിൽ പാച്ചല്ലൂർ ചുട്കാട് ക്ഷേത്രത്തിന് സമീപത്തെ ജങ്ഷനിൽ അപകടം നടന്നു.
കോവളം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ടാക്സി കാർ ടോൾ നൽകാതെ നിയമംതെറ്റിച്ച് അതേ ദിശയിൽ തന്നെ തിരികെ വരുന്നതിനിടെ എതിരെ വന്ന ബൈക്ക് യാത്രികയെ ഇടിച്ചിട്ട ശേഷം നിയന്ത്രണംവിട്ട് മറ്റൊരു ഓട്ടോ ക്യാബിലും ഇടിച്ച് റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാപ്പനംകോട് സ്വദേശി ഓടിച്ചിരുന്ന ടാക്സിയാണ് അപകടം സൃഷ്ടിച്ചത്.
പുതിയതുറ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ക്യാബിൽ സഞ്ചരിച്ചവർക്കും നിസ്സാര പരിക്കേറ്റു. മൂന്ന് വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. രണ്ട് സ്ഥലത്തും തിരുവല്ലം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.

