അഞ്ചുമാസം ബാക്കി; കടമെടുപ്പ് പരിധി ഉയർത്താൻ സമ്മർദം
text_fieldsതിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ചുമാസം ബാക്കി നിൽക്കെ, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ശേഷിക്കുന്നത് 52 കോടി രൂപ മാത്രം. 21852 കോടി രൂപയാണ് ഇക്കൊല്ലം പൊതുകടമായി അനുവദിച്ചിരുന്നത്. അതിൽ ഇതിനകം 21800 കോടിയുമെടുത്തു. ദൈനംദിന ചെലവുകൾക്കുപോലും പണമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ് സർക്കാർ. ഇതിനിടെ, നവംബറിൽ കേന്ദ്ര വിഹിതമായി ലഭിച്ച 1500 കോടി രൂപ വലിയ ആശ്വാസമായി.
വിഹിതം വെട്ടിക്കുറച്ചതിൽ കേന്ദ്രത്തിനെതിരെ നിയമനടപടി തീരുമാനിച്ചെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. കിഫ്ബിക്കും ക്ഷേമ പെൻഷനുമായി എടുത്ത വായ്പകൾ പൊതുകടത്തിന്റെ പരിധിയിൽപെടുത്തിയതോടെയാണ് കടമെടുപ്പ് പരിധി കുറഞ്ഞത്. മൊത്തം ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാനുള്ള പരിധി. ഇത് നാല് ശതമാനമാക്കിയാൽ 4550 കോടി കൂടി വായ്പയെടുക്കാനാകും. ഇതിന് സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള റൂറൽ ആൻഡ് അർബൺ ഡെവലപ്മെന്റ് കോർപറേഷൻ വഴി എടുക്കുന്ന വായ്പ കടമെടുപ്പ് പരിധിയിൽപെടുത്തുമോ എന്ന ആശങ്ക സർക്കാറിനുണ്ട്. കേന്ദ്ര വിഹിതം കുറഞ്ഞതും കടമെടുപ്പിന് നിയന്ത്രണം കൊണ്ടുവന്നതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും ധനകമ്മി ഗ്രാന്റിൽ 8400 കോടി കുറഞ്ഞതുമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് സംസ്ഥാനം വാദിക്കുന്നത്. കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. അതേസമയം മുൻകാലത്തെ ധനകാര്യ മാനേജ്മെന്റിന്റെ അച്ചടക്കമില്ലായ്മക്കെതിരെ ചില ധനവിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്.
സർക്കാറിന്റെ സാമ്പത്തിക ബാധ്യതകൾ കുമിഞ്ഞുകൂടുകയാണ്. അതിനൊപ്പം വാർഷിക പദ്ധതി പണമില്ലാതെ ഇഴയുന്നു. വകുപ്പുകൾക്ക് കൊടുക്കാൻ പണമില്ല. ട്രഷറിയിൽ കടുത്ത നിയന്ത്രണം തുടരുന്നു. കരാറുകാർക്ക് 16,000 കോടി കുടിശ്ശികയാണ്. സാമൂഹിക സുരക്ഷ പെൻഷൻ നാല് മാസം കുടിശ്ശികയുള്ളതിൽ ഒരു മാസത്തേത് കൊടുക്കാൻ തീരുമാനിച്ചു. സർക്കാർ ജീവനക്കാർക്ക് പെൻഷൻ, ശമ്പളപരിഷ്കരണ കുടിശ്ശിക നൽകിയിട്ടില്ല. പുതിയ സർക്കാർ വന്ന ശേഷമുള്ള ക്ഷാമബത്തയും കുടിശ്ശികയാണ്. കെ.എസ്.ആർ.ടി.സിയിലും മൂന്ന് മാസമായി പെൻഷൻ കുടിശ്ശികയാണ്. സപ്ലൈകോക്ക് 1524 കോടി രൂപ അടിയന്തരമായി നൽകണം. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സബ്സിഡി നൽകിയില്ലെങ്കിൽ വൈദ്യുതി നിരക്ക് വർധന ഇത്തരക്കാർക്ക് വലിയ ആഘാതമുണ്ടാക്കും.
വാർഷിക പദ്ധതി ഇഴയുന്നു
ഇക്കൊല്ലത്തെ വാർഷിക പദ്ധതിയിൽ 34.52 ശതമാനം മാത്രമാണ് ചെലവിട്ടത്. 38,629 കോടിയാണ് പദ്ധതി അടങ്കൽ. ചെലവിട്ട പണത്തിൽ തന്നെ കഴിഞ്ഞ വർഷത്തെ ക്യൂവിലുണ്ടായിരുന്ന ബില്ലുകളുടെ പണം നൽകിയതും ഉൾപ്പെട്ടിട്ടുണ്ട്. 22,122 കോടിയുടെ സംസ്ഥാന പദ്ധതി വിനിയോഗം ഇതുവരെ 32.61 ശതമാനത്തിലേ എത്തിയിട്ടുള്ളൂ. 8258 കോടിയുടെ തദ്ദേശ പദ്ധതിയിൽ 36.02 ശതമാനമാണ് വിനിയോഗം. കേന്ദ്ര സഹായമുള്ള പദ്ധതിയിലും വിനിയോഗം മെച്ചപ്പെട്ടിട്ടില്ല. 8259 കോടിയിൽ വിനിയോഗം 38.12 ശതമാനം മാത്രം.
കാർഷിക മേഖലയിൽ 2030 കോടി രൂപയുടെ 284 പദ്ധതികൾ അനുവദിച്ചെങ്കിലും ഇതുവരെ ചെലവിട്ടത് 25.44 ശതമാനം മാത്രമാണ്. ഗ്രാമവികസനത്തിൽ 6801 കോടിയുടെ 79 പദ്ധതികളുണ്ടെങ്കിലും 37.5 ശതമാനം മാത്രമാണ് വിനിയോഗം. സഹകരണ മേഖലയിൽ 6.76 ശതമാനം, ജലസേചനത്തിൽ 26.02 ശതമാനം, ഊർജത്തിൽ 47.71 ശതമാനം, വ്യവസായത്തിൽ 26.17 ശതമാനം, ഗതാഗതത്തിൽ 37.67 ശതമാനം, ശാസ്ത്രം, ഗവേഷണം 10.69 ശതമാനം, സാമൂഹിക സേവനം 35.83 ശതമാനം (ഇതിന്റെ തുക ആകെ 12744.08 കോടി), സാമ്പത്തിക സേവനങ്ങളിൽ വെറും 17.21 ശതമാനം, പൊതുസേവനത്തിൽ 73.52 ശതമാനം എന്നിങ്ങനെയാണ് വിനിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

