അഞ്ച് മന്ത്രിമാർക്ക് സീറ്റുണ്ടാവില്ല; പി.ബിയിൽ നിന്ന് മത്സരിക്കുക പിണറായി മാത്രം
text_fieldsതിരുവനന്തപുരം: അഞ്ച് മന്ത്രിമാരും നിയമസഭാ സ്പീക്കറും ഉൾപ്പെടെ 25 ഒാളം എം.എൽ.എമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ ധാരണ. പോളിറ്റ് ബ്യൂറോ അംഗങ്ങളിൽനിന്ന് പിണറായി വിജയൻ മാത്രമാകും മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ മത്സരിച്ച എം.എൽ.എമാർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന നിർദേശം കർശനമായി നടപ്പാക്കാനും വ്യാഴാഴ്ച ചേർന്ന യോഗം തീരുമാനിച്ചു. ഇതോടെ 50 ശതമാനത്തോളം പുതുമുഖങ്ങളെയാകും സി.പി.എം അണിനിരത്തുകയെന്ന് ഉറപ്പായി.
അതേസമയം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന മുൻ നിർദേശത്തിൽ അന്തിമതീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയിലെ ചർച്ചക്ക് ശേഷമാവും ഉണ്ടാകുക. 14 സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളിൽ എത്രപേർ മത്സരിക്കണമെന്ന കാര്യവും സംസ്ഥാന സമിതി തീരുമാനിക്കും.
മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ജി. സുധാകരൻ, ടി.എം. തോമസ് െഎസക്, സി. രവീന്ദ്രനാഥ്, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖർ. മന്ത്രിമാരായ കെ.കെ. െശെലജ, എം.എം. മണി, എ.സി. മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി. ജലീൽ എന്നിവർ വീണ്ടും മത്സരിക്കും. കഴിഞ്ഞതവണ മത്സരരംഗത്ത് ഇല്ലാതിരുന്ന എം.വി. േഗാവിന്ദൻ, കെ. രാധാകൃഷ്ണൻ അടക്കമുള്ളവർ ഇത്തവണ സ്ഥാനാർഥികളാകുമെന്നാണ് സൂചന.
സംസ്ഥാനത്തുനിന്നുള്ള പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരും മത്സരിക്കില്ല. നിയമസഭയിൽ തുടർച്ചയായി മത്സരിക്കുന്ന മുതിർന്ന നേതാക്കൾ ഇത്തവണ മാറിനിന്ന് മാതൃക കാട്ടണമെന്ന് സെക്രേട്ടറിയറ്റിൽ അഭിപ്രായമുയർന്നു. എ.കെ. ബാലെൻറ ഭാര്യയും ആേരാഗ്യവകുപ്പ് മുൻ ഡയറക്ടറുമായ ഡോ. പി.കെ. ജമീലയുടെ പേര് ജില്ല നേതൃത്വത്തിൽനിന്ന് നിർദേശിച്ചതിൽ ചില അംഗങ്ങൾ അതൃപ്തി അറിയിച്ചു.
ഇതിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലാകും ഉണ്ടാകുക. 2016ലെ തെരഞ്ഞെടുപ്പിൽ എട്ട് സ്വതന്ത്രർ ഉൾപ്പെടെ 92 പേരാണ് സി.പി.എമ്മിനുവേണ്ടി കളത്തിലിറങ്ങിയത്. കേരള കോൺഗ്രസ് -എം, എൽ.ജെ.ഡി എന്നീ കക്ഷികൾക്കായി സീറ്റ് കണ്ടെത്തുന്നതിെൻറ ഭാഗമായി ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കേണ്ടിവരുന്നതിനാൽ സി.പി.എമ്മിെൻറ മണ്ഡലങ്ങളിൽ ഇത്തവണ കുറവുണ്ടാകും.
ഒഴിവാകുന്ന സി.പി.എം എം.എൽ.എമാർ
നിയമസഭയിൽ രണ്ടുതവണ തുടർച്ചയായി മത്സരിച്ച് വിജയിച്ചവരെ ഒഴിവാക്കാനുള്ള സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനപ്രകാരം ഒഴിവാകുന്ന എം.എൽ.എമാർ (അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയുടേതാകും)
തിരുവനന്തപുരം: ബി. സത്യൻ (ആറ്റിങ്ങൽ)
കൊല്ലം: പി. െഎഷാപോറ്റി (കൊട്ടാരക്കര)
പത്തനംതിട്ട: രാജു എബ്രഹാം (റാന്നി)
ആലപ്പുഴ: ടി.എം. തോമസ് െഎസക് (ആലപ്പുഴ), ജി. സുധാകരൻ (അമ്പലപ്പുഴ), ആർ. രാജേഷ് (മാവേലിക്കര)
എറണാകുളം: എസ്. ശർമ (വൈപ്പിൻ)
കോട്ടയം: കെ. സുരേഷ്കുറുപ്പ് (ഏറ്റുമാനൂർ)
ഇടുക്കി: എസ്. രാജേന്ദ്രൻ (ദേവികുളം)
മലപ്പുറം: പി. ശ്രീരാമകൃഷ്ണൻ (പൊന്നാനി)
പാലക്കാട്: വി.എസ്. അച്യുതാനന്ദൻ (മലമ്പുഴ), എ.കെ. ബാലൻ (തരൂർ), കെ.വി. വിജയദാസ് (കോങ്ങാട്, മരണം കാരണം ഒഴിവായി)
തൃശൂർ: കെ.വി. അബ്ദുൽ ഖാദർ (ഗുരുവായൂർ), ബി.ഡി. ദേവസ്യ (ചാലക്കുടി), സി. രവീന്ദ്രനാഥ് (പുതുക്കാട്)
കോഴിക്കോട്: എ. പ്രദീപ്കുമാർ (കോഴിക്കോട് നോർത്ത്), കെ. ദാസൻ (കൊയിലാണ്ടി), പുരുഷൻ കടലുണ്ടി (ബാലുശ്ശേരി)
കണ്ണൂർ: ഇ.പി. ജയരാജൻ (മട്ടന്നൂർ), ടി.വി. രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), സി. കൃഷ്ണൻ (പയ്യന്നൂർ)
കാസർേകാട്: കെ. കുഞ്ഞിരാമൻ (ഉദുമ)
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിലെ വി.കെ.സി. മമ്മദ് കോയയും വയനാട് ജില്ലയിലെ കൽപറ്റ മണ്ഡലത്തിൽ സി.കെ. ശശീന്ദ്രനും മറ്റ് കാരണങ്ങളാൽ ഒഴിവായേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

