ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി; മൊഴി നൽകി പ്രവാസി വ്യവസായി
text_fieldsശബരിമല
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദുരൂഹത കൂട്ടി പ്രവാസി വ്യവസായിയുടെ മൊഴി. ശബരിമലയിൽനിന്ന് സ്വർണത്തിന് പുറമേ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന് പ്രവാസി വ്യവസായി പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകി. കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് വ്യവസായി മൊഴി നൽകിയത്. ഈ മൊഴി എസ്.ഐ.ടി പ്രത്യേകം അന്വേഷിക്കും.
രാജ്യാന്തര പുരാവസ്തു മാഫിയയാണ് വിഗ്രഹം കടത്തിയതെന്നും സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇടനിലക്കാരനെന്നും വ്യവസായി ആരോപിക്കുന്നു. 2019-20 കാലത്താണ് വിഗ്രഹങ്ങൾ കടത്തിയത്. വിഗ്രഹങ്ങൾ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന രാജ്യാന്തര പുരാവസ്തു മാഫിയ തലവനാണ്. ചെന്നൈ സ്വദേശിയാണ് ഇയാൾ. ഡി മണിക്ക് ദുബൈ മണി, ദാവൂദ് മണി എന്നീ വിളിപ്പേരുകളുണ്ട്.
2020 ഒക്ടോബർ 26ന് തിരുവനന്തപുരത്തെ ഹോട്ടലിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പണം കൈമാറിയത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽനിന്നാണ് പണവുമായി വാഹനം എത്തിയത്. വിമാനത്തിലാണ് ‘ഡി മണി’ തിരുവനന്തപുരത്ത് എത്തിയത്. ഈ സമയത്ത് ശബരിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉന്നതനും ഹോട്ടലിൽ ഉണ്ടായിരുന്നു. ഈ ഉന്നതന്റെ പേരും വ്യവസായിയുടെ മൊഴിയിലുണ്ട്. ശബരിമല സ്വര്ണക്കവര്ച്ചയുടെ അന്വേഷണത്തിനിടയിലാണ് പുരാവസ്തുക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദേശത്തുള്ള വ്യവസായിയാണ് വിവരം നല്കിയതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി വ്യവസായിയുടെ മൊഴി രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

