ഖജനാവ് ചോർച്ച തടയാൻ അഞ്ചിന ഭരണപരിഷ്കാരം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ഖജനാവിെല ചോർച്ചയടക്കാനും ഭരണനിർവഹണത്തിൽ ഡിജിറ്റൽ സാധ്യതകൾ വിനിയോഗിക്കാനും ലക്ഷ്യമിട്ട് അഞ്ച് ഭരണ പരിഷ്കരണ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ. പൊതുഭരണ വകുപ്പിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പരിഷ്കരണങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള മുഴുവൻ ആസ്തിവകകളുടെയും സമ്പൂർണ വിവരങ്ങൾ അടങ്ങിയ പോർട്ടൽ തയാറാക്കും. സർക്കാർ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡ്, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയ മുഴുവൻ ആസ്തിവകകളുടെയും സമ്പൂർണ രജിസ്റ്റർ പോർട്ടൽ വഴി രൂപപ്പെടുത്തും. സ്പെഷൽ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ഫോർ അഡ്മിനിസ്ട്രേഷൻ ട്രാക്കിങ് ആൻഡ് ഹാർമണൈസേഷൻ പോർട്ടൽ എന്ന പേരിലാകും ഇത് അറിയപ്പെടുക.
സർക്കാറിന്റെ എല്ലാ വകുപ്പുകളും അനുമതി നൽകുന്ന പദ്ധതികളുടെ രജിസ്റ്റർ ആണ് രണ്ടാമത്തെ പരിഷ്കാരം. പ്ലാൻ സ്പേസ് 2.0 എന്ന പേരിലുള്ള ഈ പരിഷ്കരണം വകുപ്പുകൾ അനുമതി നൽകുന്ന മൂലധന പദ്ധതികൾ ജിയോടാഗിങ് നടത്തി ജി.എസ്.ഐ അധിഷ്ഠിത രജിസ്റ്റർ മൊഡ്യൂൾ തയാറാക്കും. രണ്ടായിരത്തോളം പദ്ധതികളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും പുതിയ സംവിധാനത്തില്‍ ലൊക്കേഷന്‍ കോഓഡിനേറ്റുകള്‍, ഫണ്ട് സ്രോതസുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
സർക്കാർ സ്ഥാപനങ്ങളുടെ സമഗ്ര ആസ്തിവകകളുടെ രജിസ്ട്രിയാണ് മൂന്നാമത്തെ പരിഷ്കരണ നടപടി. ഇതുവഴി കാലഹരണപ്പെട്ടതും സമാന സ്വഭാവത്തിലുമുള്ളതുമായ സ്ഥാപനങ്ങളുടെ സംയോജനമാണ് ലക്ഷ്യം. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പര വിരുദ്ധവുമായ നിയമങ്ങളുടെ സമഗ്ര അവലോകനവും ഭേദഗതിയുമാണ് ലക്ഷ്യമിടുന്ന നാലാമത്തെ പരിഷ്കരണം. മികച്ച ജീവിത സൗകര്യത്തിനും ബിസിനസ് സുഗമമാക്കാനുമുള്ള നടപടിക്രമം പരിഷ്കരിക്കാൻ നിയമങ്ങളും ചട്ടങ്ങളും ആധുനികവത്കരിക്കുന്നതിനുള്ള സംസ്ഥാനതല പ്രോസസ് റീ എൻജിനീയറിങ് പരിപാടിയാണ് അഞ്ചാമത്തെ പരിഷ്കരണം.
ഇതിനായി ധനകാര്യം, നിയമം, നികുതി, വ്യവസായം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ അനാവശ്യ പരിശോധന ഘട്ടങ്ങളും പേപ്പര്‍ സമര്‍പ്പണങ്ങളും ഒഴിവാക്കി നടപടിക്രമങ്ങള്‍ പൂര്‍ണമായും ആധുനികവത്കരിക്കാനും പരിഷ്കരണം വഴി ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പുറമെ സർക്കാറിന്റെ മുൻഗണന പദ്ധതികളുടെ നടത്തിപ്പിൽ വകുപ്പുകളുടെ ഏകോപനത്തിന് സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സമാനസ്വഭാവത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ സംയോജിപ്പിക്കും
കാലഹരണപ്പെട്ടതും സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്നതുമായ സർക്കാർ സ്ഥാപനങ്ങൾ സംയോജിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളുടെ പ്രത്യേക രജിസ്ട്രി തയാറാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭരണപരിഷ്കാര പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് നടപടി. 591 സ്ഥാപനങ്ങളാണ് സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്നത്. ഇവയിലെ ശമ്പളാവശ്യങ്ങള്‍ക്കായി മാത്രം നിലവില്‍ ഏകദേശം 19,000 കോടി രൂപ ചെലവാകുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
സർക്കാറിനോ പൊതുജനങ്ങൾക്കോ ഫലപ്രദമായ സേവനങ്ങളോ സംഭാവനകളോ ചെയ്യാൻ കഴിയാത്ത സ്ഥാപനങ്ങൾ പണം ചോർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെപ്യൂട്ടേഷനിലും താൽക്കാലിക അടിസ്ഥാനത്തിലുമാണ് ഇവിടങ്ങളിൽ ജീവനക്കാരെ നിയമിക്കപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രത്യേക ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതികളുടെ ഭാഗമായി തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്യം പൂർത്തിയാക്കിയാലും സംസ്ഥാന സർക്കാർ ഫണ്ട് ലഭ്യമാക്കി തുടരുന്നുണ്ട്. പല സർക്കാർ ജീവനക്കാരും ഇത്തരം സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷനിൽ പോകുന്നതായും മുഖ്യമന്ത്രി വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

