താഹ ഫസലിെൻറ വീടുപ്രവൃത്തിക്ക് അഞ്ചു ലക്ഷം നൽകും –കെ.പി.സി.സി
text_fieldsപന്തീരാങ്കാവ്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിെൻറ കുടുംബത്തിന് വീടുപ്രവൃത്തി പൂർത്തിയാക്കാൻ കെ.പി.സി.സി അഞ്ചു ലക്ഷം രൂപ നൽകുമെന്ന് പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിങ്കളാഴ്ച ഒളവണ്ണ മൂർക്കനാടുള്ള താഹയുടെ വീട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ. മുനീർ, എം.കെ. രാഘവൻ എം.പി എന്നിവരോടൊപ്പം സന്ദർശിച്ചപ്പോഴാണ് കെ.പി.സി.സി പ്രസിഡൻറ് താഹയുടെ മാതാപിതാക്കൾക്ക് ഉറപ്പുനൽകിയത്. ചൊവ്വാഴ്ചതന്നെ തുക കൈമാറാനുള്ള നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു.
യു.എ.പി.എ ചുമത്തി താഹയോടൊപ്പം ജയിൽശിക്ഷ അനുഭവിച്ച അലൻ ശുഹൈബും താഹയുടെ വീട്ടിലുണ്ടായിരുന്നു. 10 മാസത്തിലധികം ജയിലിൽ കഴിഞ്ഞ ഇവർക്ക് സെപ്റ്റംബർ ഒമ്പതിനാണ് കോടതി ജാമ്യം അനുവദിച്ചത്.നിയമവിരുദ്ധമായാണ് ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും ഇവർ ഒരു ഭീകരപ്രവർത്തനവും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു.
പുസ്തകം കൈവശംവെച്ചതിെൻറ പേരിൽ ഭീകരവാദിയായി ചിത്രീകരിച്ച് ഇരുവരെയും ജയിലിലടച്ച മുഖ്യമന്ത്രിയും സർക്കാറും വലിയ ക്രൂരതയാണ് കുട്ടികളോട് ചെയ്തത്. ലജ്ജാകരമായ ഇത്തരം ക്രൂരതകൾ ആവർത്തിക്കരുത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് പ്രതിപക്ഷനേതാക്കൾ താഹയുടെ വീട്ടിലെത്തിയത്. കെ.പി.സി.സി ഭാരവാഹികളായ എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, സത്യൻ കടിയങ്ങാട്, ഡി.സി.സി ഭാരവാഹികളായ ചോലയ്ക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, എ. ഷിയാലി, കെ.കെ. കോയ, എസ്.എൻ. ആനന്ദൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.