സിറ്റി സർക്കുലർ സർവീസിന് അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി
text_fieldsകോഴിക്കോട്: തലസ്ഥാന നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് അഞ്ച് ഇലക്ട്രിക് ബസുകൾ എത്തി.കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് വാങ്ങിയത്.
കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ഇലക്ട്രിക് ബസ് എന്ന ചിരകാല സ്വപ്നം യാഥാർത്ഥമായതായി ഇലക്ട്രിക് ബസിൽ ആദ്യ യാത്ര നടത്തിയ മന്ത്രി ആന്റണി രാജു അറിയിച്ചു. നഗരത്തിൽ കാലക്രമേണ മുഴുവൻ ബസുകളും ഇലക്ട്രിക് ബസുകളിലേക്ക് മാറ്റും. ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്.
അഞ്ച് ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും. ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കുമെന്നും മന്ത്രി പറഞ്ഞു.നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചിലവ് വരുക.നിലവിലെ ഇന്ധന വിലവർധനവിന്റെ സാഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ഗുണകരമാകുക.
തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. സി.എൻ.ജി ബസുകൾ വാങ്ങുന്നതിനുള്ള നടപടിക്ക് ശേഷം ഒരു വർഷത്തിനിടയിൽ ഇരട്ടിയിലധികം രൂപയാണ് സി.എൻ.ജിക്ക് വിലവർധിച്ചത്. ഈ സാഹചര്യത്തിൽ സി.എൻ.ജി ബസുകൾ വാങ്ങിയാൽ ലാഭകരമാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ഗതാഗത സൗകര്യത്തിന് കൂടുതൽ ഗുണകരമാകും. ഒമ്പത് മീറ്റർ നീളമാണ് ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. രണ്ട് മണിക്കൂർ ഒറ്റ ചാർജിങ്ങിൽ തന്നെ 120 കിലോ മീറ്റർ മൈലേജാണ് ഈ ബസുകൾക്ക് കമ്പിനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റുകളാണുള്ളത്.
യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സി.സി.ടി.വി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഉണ്ട്. നിലവിൽ ജൂൺ 30 വരെയാണ് 10 രൂപയ്ക്ക് ഒരു സർക്കിൾ യാത്ര ചെയ്യാനാകുന്നത്. അത് മൂന്ന് മാസം കൂടി നീട്ടി. എല്ലാ സർക്കുലറിലും ഒരു മാസം യാത്ര ചെയ്യാവുന്ന സീസൺ ടിക്കറ്റും ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി അറിയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

