സംശയാസ്പദമായി കണ്ടെത്തിയതോടെ ഒരു വർഷത്തിനിടെ റദ്ദാക്കിയത് അഞ്ച് കോടി മൊബൈൽ കണക്ഷൻ
text_fieldsകൊച്ചി: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സംശയാസ്പദമായി കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കിയത് അഞ്ച് കോടി മൊബൈൽ കണക്ഷൻ. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും സ്വന്തം പേരിലുള്ള സിമ്മുകൾ പരിശോധിക്കാനും സഹായിക്കുന്ന സഞ്ചാർ സാഥി പോർട്ടലിന്റെ സേവനം ഈ കാലയളവിൽ 24 കോടി ആളുകൾ പ്രയോജനപ്പെടുത്തിയെന്നും ടെലികോം ഡയറക്ടർ ജനറൽ ആര്.കെ. ഗോയല്‍, ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമീഷന് അംഗം ദേബ് കുമാര്‍ ചക്രവര്‍ത്തി എന്നിവർ പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ സുരക്ഷാ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാൻ ടെലികോം വകുപ്പ് സംഘടിപ്പിച്ച ദക്ഷിണമേഖലാ വാര്‍ഷിക സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച വാർത്താസമ്മേളനത്തിൽലാണ് അവർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ 777 ജില്ലകളില്‍ 776ലും 5ജി സേവനം ലഭ്യമായിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിലുള്ള 5ജി വ്യാപനമാണ് ഇന്ത്യയിലേത്. മൊബൈല്‍ ടവര്‍ റേഡിയേഷന് സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളേക്കാള്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യയിലുള്ളത്. തരംഗ് സഞ്ചാര്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ടവര്‍ റേഡിയേഷന് നില പരിശോധിക്കാം. സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ നിർമിത ബുദ്ധി അധിഷ്ഠിത പ്ലാറ്റ്ഫോമുകള് ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കേരളത്തിലെ ടെലികോം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ബെന്നി ചിന്നപ്പന്, എ.ഡി.ജി സുരേഷ് പുരി എന്നിവരും പങ്കെടുത്തു. സൈബര്‍ തട്ടിപ്പുകള്‍ തടയാനും ടെലികോം ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാനും വിവിധ ഏജന്‍സികള്‍ തമ്മിലെ ഏകോപനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, ആര്.ബി.ഐ-എസ്.ബി.ഐ പ്രതിനിധികള്‍, ടെലികോം സേവന ദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

