ഹണി ട്രാപ്പ്; യുവതികൾ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ
text_fieldsപ്രതികളായ അൻസാർ, ആഷിദ്
തൃശൂർ: ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്തും കൂടുതൽ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയ യുവതികളടക്കം അഞ്ചുപേർ പിടിയിൽ. പരാതിക്കാരനായ പുത്തൂർ സ്വദേശിയുടെ പെൺസുഹൃത്ത് മാന്ദാമംഗലം ഒറ്റക്കുന്നിൽ വീട്ടിൽ അലോന (19), അലോനയുടെ സുഹൃത്ത് കല്ലൂർ അറങ്ങാശ്ശേരി വീട്ടിൽ ജോയൽ (20), തൃശൂർ മാന്ദാമംഗലം മുരിക്കിൻപ്പാറ വാകക്കുഴിയിൽ വീട്ടിൽ ലിഷ (40), കൂർക്കഞ്ചേരി വടൂക്കര കളപ്പാട്ടിൽ വീട്ടിൽ ആഷിദ് (32), പാലക്കാട് യാക്കര ചടനാംകുറിശ്ശി മൈത്രിനഗറിലെ അൻസാർ (26) എന്നിവരെയാണ് പിടികൂടിയത്. ഒക്ടോബർ 10നാണ് കേസിനാസ്പദമായ സംഭവം. ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെ അലോനയുടെ ആവശ്യപ്രകാരം തൃശൂർ ശക്തൻ സ്റ്റാൻഡിൽനിന്ന് പുത്തൂർ സ്വദേശിയുടെ കാറിൽ പാലക്കാട്ടേക്ക് പോവുകയായിരുന്നു.
യാത്രയിലുടനീളം അലോന ഫോണിലൂടെ മറ്റ് പ്രതികൾക്ക് സന്ദേശം നൽകി. അലോനയുടെ സന്ദേശം കിട്ടിയ പ്രതികൾ പാലക്കാട് ടിപ്പു സുൽത്താൻ കോട്ടക്കടുത്തുള്ള ഹോട്ടൽ റൂമിലേക്ക് അതിക്രമിച്ച് കയറി പുത്തൂർ സ്വദേശിയെ ദേഹോപദ്രവം ഏൽപിക്കുകയും കാറിന്റെ താക്കോൽ, പഴ്സ്, മൊബൈൽ ഫോൺ എന്നിവ പിടിച്ചുവാങ്ങുകയും ചെയ്തു. അലോനക്കൊപ്പം നിർത്തി ഫോട്ടോകളും വിഡിയോകളും ഫോണിൽ പകർത്തുകയും പഴ്സിലെ 9000 രൂപയും ഗൂഗ്ൾ പേ വഴി 16500 രൂപയും തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് രണ്ട് ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ഫോട്ടോകളും വിഡിയോകളും ഭാര്യക്ക് അയച്ച് കൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു.
ഇതോടെ, പുത്തൂർ സ്വദേശി ഒല്ലൂർ സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത ഒല്ലൂർ പൊലീസ് അന്വേഷണം ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. അന്വേഷണത്തിൽ രണ്ട് പ്രതികളെ കുട്ടനെല്ലൂരിൽനിന്നും ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ മാന്ദാമംഗലം, വടൂക്കര, പാലക്കാട് എന്നിവിടങ്ങളിൽനിന്നും പിടികൂടുകയായിരുന്നു.
അസിസ്റ്റൻറ് കമീഷണർ ടി.ആർ. രാജേഷ്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ നന്ദകുമാർ, സബ് ഇൻസ്പെക്ടർമാരായ ജീസ് മാത്യു, ജയൻ, അസി. സബ് ഇൻസ്പെക്ടർ എസ്വി, സി.പി.ഒമാരായ ജിനൂപ്, സൂരജ് , അജ്മൽ, ആദർശ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

