ഫിറ്റ്നസ് ടെസ്റ്റിന് കടമ്പയേറെ; വാഹന ഉടമകളും ഡ്രൈവർമാരും വലയുന്നു
text_fieldsഅരൂർ: വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയതോടെ വാഹന ഉടമകളും ഡ്രൈവർമാരും ദുരിതത്തിൽ. വാഹനങ്ങളുടെ കാര്യക്ഷമത കൂടുതൽ കൃത്യമായി പരിശോധിക്കാനുതകുന്ന പുതിയ സംവിധാനം സ്വാഗതാർഹമാണെങ്കിലും പരിശോധനാ കേന്ദ്രങ്ങളുടെ കുറവും ദൂരവും ഫിറ്റ്നസ് നേടാനുള്ള കടമ്പകളും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ആർ.ടി. ഓഫീസുകളിലെ പരിശോധന ഒഴിവാക്കി ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളിലാണ് ഇപ്പോൾ ഫിറ്റ്നസ് പരിശോധന. ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആദ്യഘട്ടത്തിൽ ഓരോ കേന്ദ്രം വീതമാണ് പ്രവർത്തനം ആരംഭിച്ചത്. ചേർത്തല ജോയൻറ് ആർ.ടി.ഒയുടെ പരിധിയിലുള്ള മേഖലകളിൽനിന്നുള്ള വാഹനങ്ങൾ പുതിയ പരിശോധനാ കേന്ദ്രത്തിലെത്താൻ അരൂരിൽ നിന്ന് 110 കിലോ മീറ്റർ വരെ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
പുതിയ സംവിധാനത്തിൽ ബ്രേക്ക്, ലൈറ്റ്, സസ്പെൻഷൻ, സ്റ്റിയറിങ്, പുക, വാഹനത്തിന്റെ അടിഭാഗം തുടങ്ങിയവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ യന്ത്രസഹായത്തോടെ പരിശോധിക്കും. വാഹനത്തിന്റെ പോരായ്മകൾ കൂടുതൽ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതോടെ സി.എഫ്. ടെസ്റ്റ് പാസാകാനുള്ള കടമ്പകളും ഏറെയാണ്.
ഓരോ വർഷവും ഫിറ്റ്നസ് പരിശോധനക്ക് എത്തുന്നവയിൽ പഴയ വാഹനങ്ങളാണ് ഏറെയും. പരിശോധനയിൽ തകരാറുകളോ പോരായ്മകളോ കണ്ടെത്തിയാൽ അവിടെവച്ച് തന്നെ പരിഹരിക്കാൻ നിലവിൽ മാർഗമില്ല. വാഹനം തിരിച്ചുകൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തി വീണ്ടും പരിശോധനാ കേന്ദ്രത്തിലെത്തിക്കണം. ഇതോടെ ഒരു വാഹനത്തിന് ഒന്നിലേറെ തവണ ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്ന സ്ഥിതിയാകും. ഇന്ധനച്ചെലവിനൊപ്പം ഡ്രൈവറുടെ തൊഴിൽദിനവും നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

