മത്സ്യബന്ധനത്തിനിടെ വള്ളത്തിന് തീ പിടിച്ചു; ഉപകരണങ്ങൾ കത്തി നശിച്ചു, മൂന്ന് ലക്ഷത്തിന്‍റെ നഷ്ടം
text_fieldsവള്ളത്തിന് തീ പിടിച്ചപ്പോൾ
ആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിലുണ്ടായ തീപിടുത്തത്തിൽ ഉപകരണങ്ങൾ കത്തി നശിച്ചു. പാചകത്തിനിടയിൽ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായതാണ് തീപിടുത്തത്തിന് കാരണം. ബുധനാഴ്ച രാവിലെ ഏഴരയോടെ കായംകുളം ഹാർബറിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു അപകടം. കായംകുളം ഹാർബൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആറാട്ടുപുഴ കള്ളിക്കാട് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഭാഗ്യ നക്ഷത്രം ലൈലന്റ് വള്ളത്തിലാണ് തീപിടുത്തം ഉണ്ടായത്.
തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മിൽ ഘടിപ്പിക്കുന്ന പൈപ്പിലാണ് തീ പിടിച്ചത്. കാറ്റുള്ളതിനാൽ പെട്ടെന്ന് തന്നെ ആളി പടർന്നു. സ്രാങ്കിന്‍റെ കാബിന് ഉള്ളിലേക്കും തീ പടർന്നതോടെ തൊഴിലാളികൾ പരിഭ്രാന്തരായി. വെള്ളം പമ്പ് ചെയ്തെങ്കിലും തീ അണക്കാൻ കഴിഞ്ഞില്ല. വള്ളത്തിൽ ഉണ്ടായിരുന്ന ഓയിലുകൾക്കും തീ പിടിച്ചതോടെ കത്തലിന്റെ വ്യാപ്തി കൂടി. അന്തരീക്ഷത്തിൽ കറുത്ത പുക നിറഞ്ഞു. 45 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
ഗ്യാസ് സിലിണ്ടറിന്റെ അടുത്തെത്താൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ വള്ളത്തിന്റെ ഉടമസ്ഥനായ രാജു മീൻ നിറച്ച കുട്ട വള്ളത്തിൽ നിന്നും കരയിലേക്ക് ഉയർത്താൻ ഉപയോഗിക്കുന്ന കൊളുത്തുപോലെയുള്ള നീളമുള്ള കമ്പി ഉപയോഗിച്ച് ഗ്യാസ് സിലിണ്ടറിൽ കൊളുത്തി വലിച്ച് മാറ്റിയതിനുശേഷം ഓഫ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ വയർലെസ് സെറ്റ്, ജി.പി.എസ് സംവിധാനം, എക്കോ സൗണ്ടർ, ക്യാമറ തുടങ്ങിയ ഉപകരണങ്ങൾ കത്തി നശിച്ചു. വള്ളത്തിനും വലയ്ക്കും കേടു പറ്റി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

