കപ്പൽ മുങ്ങിയതിനെ തുടർന്ന് മത്സ്യബന്ധന നിരോധനം: 40,000 പേർക്ക് തൊഴിൽ നഷ്ടമായി
text_fieldsകൊച്ചി: കൊച്ചി കടലിൽ എം.എസ്.സി എൽസ മുങ്ങിയതിനെ തുടർന്ന് മത്സ്യബന്ധന മേഖലയിൽ വൻ പ്രതിസന്ധി ഉടലെടുത്തതായി റിപ്പോർട്ട്. കഴിഞ്ഞ നാല് ദിവസമായി ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഏകദേശം 40,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായതായാണ് കണക്ക്.
ശനിയാഴ്ച ഉച്ചക്ക് കൊച്ചി കടലിൽ അപകടത്തിൽപെട്ട് ഞായറാഴ്ച മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസയിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് ആലപ്പുഴ, കൊല്ലം തീരത്ത് എത്തിയിരുന്നു. പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റിയാണ് കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയത്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവെച്ചത് ആലപ്പുഴ, കൊല്ലം, കൊച്ചി ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗത്തെ സാരമായി ബാധിച്ചു.
കപ്പൽമുങ്ങിയതിനെ തുടർന്ന് അടിയന്തര പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന് കത്തെഴുതി. ദുരന്തം മൂലം വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വേണുഗോപാൽ പറഞ്ഞു.
‘മത്സ്യത്തൊഴിലാളി സമൂഹം ദുരിതത്തിലാണ്. ആലപ്പുഴയിലും കൊല്ലത്തും മാത്രം 40,000ത്തിലധികം ആളുകൾ കടലിനെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണം. മാത്രമല്ല ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്‌സൺ പറഞ്ഞു.
കപ്പൽ മുങ്ങിയതിനെത്തുടർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് തരികളും പഞ്ഞിയും മത്സ്യങ്ങൾ തിന്നുന്നു. ഇത് ജലജീവികൾക്കും മനുഷ്യർക്കും ദീർഘകാല പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. തൃക്കുന്നപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞ ഒരു ഡോൾഫിൻ ഒരു ഉദാഹരണമായിരിക്കാം. അതിനെ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സജി പറഞ്ഞു.
കപ്പലിന്റെ 20 നോട്ടിക്കൽ മൈൽ പരിസരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ് തോട്ടപ്പള്ളി ഹാർബറിന്റെ അടക്കം പ്രവർത്തനം ഇതുമൂലം തടസ്സപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

