മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി പ്രതിഷേധം
text_fieldsചിറയിൻകീഴ്: മുതലപ്പൊഴി മണൽമൂടി അടഞ്ഞതോടെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ വ്യാഴാഴ്ച മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഡ്രഡ്ജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തു.
മണൽ അടിഞ്ഞ് മുതലപ്പൊഴിയിൽ മത്സ്യബന്ധനം അസാധ്യമായ സാഹചര്യത്തിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. പൊഴി മുറിച്ചില്ലെങ്കിൽ സമീപത്തെ അഞ്ചു പഞ്ചായത്തുകളിൽ വെള്ളം കയറുമെന്ന സ്ഥിതി വന്നതോടെയാണ് സർക്കാർ രംഗത്തു വന്നത്. അതിനിടെ ഡ്രഡ്ജിന്റെ പ്രവർത്തനം 20 മണിക്കൂറായി ഉയർത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചിരുന്നു.
ഒരു മാസമായി തുടരുന്ന മുതലപ്പൊഴി ഹാർബറിലെ മണൽ മൂടി പൊഴിയടഞ്ഞ പ്രശ്നം ദിവസം കഴിയുംതോറും സങ്കീർണമാകുകയാണ്. ഘട്ടം ഘട്ടമായാണ് മുതലപ്പൊഴി മണൽ മൂടി അടഞ്ഞത്. മാസങ്ങൾക്ക് മുമ്പേ മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പാർട്ടികളും അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം പൊഴി പൂർണമായും മൂടപ്പെടുന്നതിന് കാരണമാവുകയായിരുന്നു. ആധുനിക സംവിധാനങ്ങളുള്ള ഡ്രെഡ്ജറെത്തിച്ച് മണൽ നീക്കം ആരംഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

