‘രക്ഷാസൈനികരായ’ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാക്കനി
text_fieldsവടകര: പ്രളയത്തിൽ മുങ്ങിയ കേരളീയര്‍ക്കു മുമ്പില്‍ ‘രക്ഷാസൈനികരായി’ മാറിയ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറില്‍നിന്നുള്ള ആനൂകുല്യങ്ങള്‍ കിട്ടാക്കനിയെന്ന് ആക്ഷേപം. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ലഭിച്ച ഭവനനിർമാണ സഹായധനം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. കേന്ദ്രസര്‍ക്കാറിെൻറ സഹായത്തോടെ തങ്ങൾക്ക് നല്‍കിവന്ന ഭവനനിർമാണ സഹായധനം അട്ടിമറിക്കപ്പെട്ടതായി തൊഴിലാളികൾ പരാതി ഉയർത്തുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ സ്വന്തമായി വീടില്ലാത്ത മൂന്നു സെൻറ് സ്ഥലം ഉള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാറിെൻറ സഹായത്തോടെ രണ്ടു ലക്ഷം രൂപ ഗ്രാൻറ് നല്‍കിയിരുന്നു. ഇതുപ്രകാരം അഞ്ചു വര്‍ഷം കൊണ്ട് 8,912 പേര്‍ക്ക് വീടു കിട്ടിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ രണ്ടരവര്‍ഷക്കാലം ആര്‍ക്കും സഹായം ലഭിച്ചില്ല. ലൈഫ് പദ്ധതി പ്രകാരമുള്ള ഫണ്ട് പഞ്ചായത്തുകള്‍ക്ക് കൈമാറിയതോടെ സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡം മാറിയതാണ് മത്സ്യത്തൊഴിലാളികൾക്ക് വിനയായത്.
ലൈഫ് പദ്ധതി ആനൂകൂല്യം ലഭിക്കാന്‍ കുടുംബത്തിന് പ്രത്യേകം റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കടലോര മേഖലയില്‍ കൂട്ടുകുടുംബമായി കഴിയുന്നതിനാല്‍ പലര്‍ക്കും റേഷൻ കാര്‍ഡില്ല. ഇത്തരം നിബന്ധനകള്‍ കാരണം കോഴിക്കോട് ജില്ലയില്‍ മാത്രം 400ല്‍പരം അര്‍ഹര്‍ പട്ടികയിൽ ഉണ്ടായിട്ടും നാമമാത്ര ആളുകൾക്ക് മാത്രമാണ് ആനൂകൂല്യം കിട്ടയത്. ഈ സാഹചര്യത്തില്‍ ഭവനനിർമാണത്തിനുള്ള സഹായധനം ലൈഫ് പദ്ധതിയില്‍നിന്നു മാറ്റി ഫിഷറീസ് വകുപ്പ് നേരിട്ട് നടത്തണമെന്നാണ് പൊതുവായ ആവശ്യം. സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കി അര്‍ഹതപ്പെട്ട മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കടല്‍കോടതി കണ്‍വീനര്‍ സതീശന് കുരിയാടി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇത്തവണ പ്രളയം അനുഭവപ്പെട്ട മാസങ്ങളില്‍ ഏറെ തൊഴില്‍ പ്രതിസന്ധി അനുഭവിച്ചവരാണ് മത്സ്യത്തൊഴിലാളികൾ. ഇതോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. വള്ളങ്ങള്‍ക്കുള്ള ക്ഷേമനിധി വിഹിതം മൂന്നിരട്ടി വര്‍ധിപ്പിച്ചത് തിരിച്ചടിയാകുകയും ചെയ്തു. 9,000 രൂപ അടക്കേണ്ട ഇന്‍ബോര്‍ഡ് വള്ളക്കാരിപ്പോള് 25,000 രൂപ അടക്കണം. ഇതിനുപുറമെ, 25000 രൂപ സെക്യൂരിറ്റിയും നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
