മത്സ്യത്തൊഴിലാളി പുനരധിവാസം: 2,450 കോടി രൂപയുടെ ഭരണാനുമതി –മന്ത്രി
text_fieldsതിരുവനന്തപുരം: തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ തയാറാക്കിയ ‘പുനർഗേഹം’ പദ്ധതിക്ക് 2,450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷിതഭവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഒമ്പത് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഫിഷറീസ് വകുപ്പ് നടത്തിയ പ്രത്യേക സർവേയുടെ അടിസ്ഥാനത്തിലാണ് മാറ്റിപ്പാർപ്പിക്കാനുള്ള 18,685 കുടുംബങ്ങളെ കണ്ടെത്തിയത്. പദ്ധതിക്ക് ആവശ്യമുള്ള 2,450 കോടി രൂപയിൽ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ബാക്കി 1,052 കോടി രൂപ ഫിഷറീസ് വകുപ്പിെൻറ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തും. പദ്ധതി നടത്തിപ്പിന് 421 ഏക്കർ ഭൂമിയാണ് ആവശ്യമുള്ളത്. ഓരോ ജില്ലയിലും ആവശ്യമായ ഭൂമി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂന്നുഘട്ടമായാണ് പദ്ധതി നിർവഹണം. ആദ്യഘട്ടത്തിൽ 8,487 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 998 കോടി രൂപയും രണ്ടാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി 797 കോടി രൂപയും മൂന്നാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി 655 കോടി രൂപയും ചെലവഴിക്കും. 10 ലക്ഷം രൂപയാണ് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും പദ്ധതി പ്രകാരം ഭവനനിർമാണത്തിന് ലഭിക്കുക. ഇതിൽ ആറ് ലക്ഷം രൂപ വസ്തുവാങ്ങുന്നതിനും നാല് ലക്ഷം രൂപ ഭവന നിർമാണത്തിനുമായി നിജപ്പെടുത്തി.
വസ്തു വാങ്ങുന്നതിന് ആറ് ലക്ഷം രൂപ ചെലവഴിക്കാത്തവർക്ക് ആ തുക കൂടി ഭവന നിർമാണത്തിന് ലഭിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഫിഷറീസ് വകുപ്പിൽ പ്രത്യേക വിഭാഗത്തിന് രൂപം നൽകുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
