കല്ലുമ്മക്കായ പറിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു
text_fieldsവടകര: സാൻഡ് ബാങ്ക്സ് അഴിമുഖത്ത് കല്ലുമ്മക്കായ പറിക്കാൻ പോയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. ചോമ്പാല മുക്കൂടത്തിൽ സിദ്ദീഖ് (47)ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ നാലുപേരടങ്ങുന്ന സംഘമാണ് അഴിമുഖത്ത് എട്ടു വർഷം മുമ്പ് മുങ്ങിയ കണ്ടെയ്നർ ബാർജിൽ കല്ലുമ്മക്കായ പറിക്കാൻ പോയത്. പറിക്കുന്നതിനിടെ ബാർജിനുള്ളിൽ കുടുങ്ങിയ സിദ്ദീഖിനെ കാണാതായ വിവരം കൂടെയുള്ള തിക്കോടി സ്വദേശി അറിയിക്കുകയായിരുന്നു.
തുടർന്ന് തീരദേശ പൊലീസ്, അഗ്നി രക്ഷസേന, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. വടകര തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഖബറടക്കി.
ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ് സഫ്വാൻ, ലിയാന, മുഹമ്മദ് റിഖാസ്. സഹോദരങ്ങൾ: അൻവർ, സുബൈർ, നാസർ.