വഴിമുടക്കി വാഹനം നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ വെട്ടേറ്റു; വലതുകാൽ അറ്റുതൂങ്ങി
text_fieldsകണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ ക്രൂര ആക്രമണം. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. വിൽഫ്രഡിന്‍റെ വലതുകാൽ വെട്ടേറ്റ് അറ്റുതൂങ്ങിയ നിലയിലായിരുന്നു. തലക്കും സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു.
കടലിൽ പോകാനായി ആയിക്കരയിലേക്ക് സ്കൂട്ടറിൽ പുറപ്പെട്ട വിൽഫ്രഡിനെ അക്രമികൾ റോഡിൽ തടയുകയും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. അടികൊണ്ട് വീട്ടിലേക്കോടിയ വിൽഫ്രഡിനെ പിന്തുടർന്ന സംഘം ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് വെട്ടുകയായിരുന്നു.
വിൽഫ്രഡിന്‍റെ സ്കൂട്ടറും തകർത്തിട്ടുണ്ട്. പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെ അഴിഞ്ഞാട്ടം രൂക്ഷമാണ്. കഴിഞ്ഞമാസം ആയിക്കര കപ്പാലത്തിനു സമീപം റോഡിൽ വാഹനം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഹോട്ടലുടമ കുത്തേറ്റു മരിച്ചിരുന്നു.