ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍ ശൈലജ വിരമിച്ചു
text_fieldsതിരുവനന്തപുരം :സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്‍ ശൈലജ സർവീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ.
1997 ല്‍ ഫിംഗര്‍പ്രിന്‍റ് സെര്‍ച്ചര്‍ ആയി സർവീസില്‍ പ്രവേശിച്ച ഇവര്‍ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോകളില്‍ സേവനം അനുഷ്ടിച്ചു. നിരവധി കേസന്വേഷണങ്ങളില്‍ നിര്‍ണ്ണായക തെളിവായ വിരലടയാളങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ശൈലജയുടെ വൈദഗ്ദ്ധ്യമായിരുന്നു.
കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാനതെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനം. ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ തെളിവായി സ്വീകരിച്ച് അസം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍ കെ.ആര്‍. ശൈലജക്ക് ഉപഹാരം സമ്മാനിച്ചു. പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

