ജലവിമാനം പറന്നിറങ്ങി; കൊച്ചിയുടെ ഓളപ്പരപ്പിലേക്ക്
text_fieldsഇന്ത്യയിലെ ആദ്യത്തെ ജലവിമാനം കൊച്ചിക്കായലിൽ ഇന്ധനം നിറക്കാൻ ഇറങ്ങിയപ്പോൾ. അഹ്മദാബാദിലെ സബർമതി നദിക്കരയിൽനിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയിലേക്ക് സർവിസ് നടത്തുന്നതിനാണ് ജലവിമാനം ഒരുക്കിയിരിക്കുന്നത്
കൊച്ചി: ആകാശപാതയിൽ പറന്നെത്തി കൊച്ചിയിലെ ജലവിതാനത്തിലേക്ക് ചിറകുവിരിച്ചിറങ്ങി ഇന്ത്യയിലെ ആദ്യ ജലവിമാനം. മാലദ്വീപിൽനിന്ന് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഇന്ധനം നിറക്കാനായിരുന്നു വെണ്ടുരുത്തി പാലത്തിന് സമീപം കൊച്ചിക്കായലിൽ ജലവിമാനം ഇറങ്ങിയത്. ഒന്നേ കാലോടെ ലാൻഡ് െചയ്ത് കായലിലൂടെ മുന്നോട്ടുനീങ്ങിയ സീ പ്ലെയിൻ ദക്ഷിണ നാവികസേന കേന്ദ്രത്തിൽനിന്നുമാണ് ഇന്ധനം നിറച്ചത്.
ക്യാപ്റ്റൻ ക്രൂ, എൻജിനീയർമാർ എന്നിങ്ങനെ ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം നിറച്ചശേഷം 3.15 ഓടെ തുടർയാത്ര പുറപ്പെട്ടു. ഗുജറാത്തിലേക്കുള്ള യാത്രക്കിടെ ഗോവയിലും ഇറങ്ങിയശേഷം തിങ്കളാഴ്ച വിമാനം ഗുജറാത്തിൽ എത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
മാലദ്വീപിൽനിന്ന് ഞായറാഴ്ച രാവിലെ 7.20ന് പുറപ്പെട്ട വിമാനം ഹനിമാധു ദ്വീപിൽ 8.35 ഓടെ എത്തുകയും തുടർന്ന് 10നുശേഷം കൊച്ചിയിലേക്ക് പറക്കുകയുമായിരുന്നു. വൈകീട്ടോടെ ഗോവയിൽ ഇറങ്ങുന്ന വിമാനം തിങ്കളാഴ്ചയായിരിക്കും തുടർ യാത്ര നടത്തുക. രാവിലെ 10ന് ആരംഭിക്കുന്ന യാത്ര ഗുജറാത്തിലെ കേവാദിയയിൽ അവസാനിക്കും. ഉച്ചക്ക് 2.20ന് സബർമതിയിലേക്ക് യാത്രയാകും.
അഹ്മദാബാദിലെ സബർമതി നദിക്കരയിൽനിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയിലേക്ക് സർവിസ് നടത്തുന്നതിനാണ് ജലവിമാനം ഒരുക്കിയിരിക്കുന്നത്. സർദാർ വല്ലഭഭായ് പട്ടേലിെൻറ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 31നായിരിക്കും ആദ്യ സർവിസ്. പ്രതിദിനം എട്ട് സർവിസായിരിക്കും നടക്കുക. ഒരാൾക്ക് ഏകദേശം 4800 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. 14 പേർക്ക് ഒരേ സമയം യാത്ര െചയ്യാവുന്ന ജലവിമാന സർവിസ് സ്പൈസ് ജെറ്റാണ് നടത്തുന്നത്. ജലവിമാനം കൊച്ചിയിൽ ഇറങ്ങുന്നത് കാണാൻ വെണ്ടുരുത്തി പാലത്തിൽ നിരവധി ആളുകൾ എത്തി.