എല്ലാ കുടുംബങ്ങള്‍ക്കും സുരക്ഷ; പ്രഖ്യാപനവുമായി വയനാട്
text_fieldsകൽപറ്റ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു. സുരക്ഷ 2023 പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നൂറുശതമാനം സുരക്ഷ പദ്ധതി പൂര്‍ത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.
ജില്ലയിലെ അര്‍ഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരാനുള്ള പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ജീവന് / അപകട ഇന്‍ഷുറന്‍സ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം.ജെ.ജെ.ബി.വൈ എന്നിവയില്‍ ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങള്‍, ജില്ല ഭരണകൂടം, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, ലീഡ് ബാങ്ക്, മറ്റ് ബാങ്കുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. പ്രധാന് മന്ത്രി സുരക്ഷ ബീമ യോജന, പ്രധാന് മന്ത്രി ജീവന്‍ജ്യോതി ബീമ യോജന, അടല്‍ പെന്ഷന് യോജന എന്നീ സ്കീമുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സുരക്ഷ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 20 രൂപക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 436 രൂപക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭ്യമാക്കാന്‍ സാധിക്കും. സുരക്ഷ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയ കനറാ ബാങ്ക്, ഗ്രാമീണ്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെ അനുമോദിച്ചു. പദ്ധതി പൂര്‍ത്തീകരണത്തില്‍ സഹകരിച്ച വിവിധ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും ഉപഹാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

