Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യം ചോര്‍ന്നത് ആദ്യ ...

ആദ്യം ചോര്‍ന്നത് ആദ്യ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ്

text_fields
bookmark_border
ആദ്യം ചോര്‍ന്നത് ആദ്യ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ്
cancel

തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കല്‍ മാത്രമേ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് പത്രത്തില്‍ അടിച്ചുവന്നിട്ടുള്ളൂ. അതും ആദ്യ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ്. അന്നത്തെ ധനമന്ത്രി സി. അച്യുതമേനോന്‍ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് രണ്ടുദിവസം മുമ്പുതന്നെ കെ. ബാലകൃഷ്ണന്‍ പത്രാധിപരായ ‘കൗമുദി ദിനപത്രം’ ബജറ്റിന്‍െറ നല്ളൊരുഭാഗം അച്ചടിച്ചു.

1957 ജൂണ്‍ ഏഴിന് ബജറ്റ് അവതരിപ്പിക്കാനത്തെിയ സി. അച്യുതമേനോന്‍ ബജറ്റ് ചോര്‍ന്നെന്ന് വെളിപ്പെടുത്തിയാണ് പ്രസംഗം ആരംഭിച്ചതുതന്നെ. ഇതോടെ സഭയില്‍ പ്രതിപക്ഷം ഇളകിമറിഞ്ഞു. പത്രം ഉയര്‍ത്തിപ്പിടിച്ച് അവര്‍ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. സംഭവം സര്‍ക്കാറിന് ഏറെ ക്ഷീണമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു.രേഖകള്‍ കണ്ടത്തൊന്‍ കൗമുദി ഓഫിസ് പൊലീസ് റെയ്ഡ് ചെയ്തു. കെ. ബാലകൃഷ്ണനെയും പത്രാധിപസമിതി അംഗം കൈനിക്കര പത്മനാഭപിള്ളയെയും വാര്‍ത്ത എഴുതിയ ജി. വേണുഗോപാലിനെയും അറസ്റ്റ് ചെയ്തു. കേസില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളായിരുന്നു ഇവര്‍. ഓഫിസില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ബജറ്റ് അച്ചടിക്കാന്‍ കൊടുത്ത സര്‍ക്കാര്‍ പ്രസില്‍നിന്നാണ് ചോര്‍ന്നതെന്ന് കണ്ടത്തെി.

ആര്‍.എസ്.പിക്ക് അക്കാലത്ത് ഗവ. പ്രസില്‍ പ്രബല യൂനിയന്‍ ഉണ്ടായിരുന്നു. യൂനിയനിലെ സജീവപ്രവര്‍ത്തകനായിരുന്ന പി.സി. പിള്ളയെന്ന കമ്പോസിറ്ററായിരുന്നു ബജറ്റ് ചോര്‍ത്തിയതെന്ന് ആരോപണമുണ്ടായി. കേസിലെ നാലാം പ്രതിയായിരുന്നു ഇയാള്‍. ഒൗദ്യോഗിക രഹസ്യ നിയമം അനുസരിച്ചായിരുന്നു നടപടി. ബ്രിട്ടീഷുകാര്‍ ഭരണതാല്‍പര്യം സംരക്ഷിക്കാന്‍ 1923ല്‍ ഉണ്ടാക്കിയ നിയമമാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നൊക്കെ പ്രതിപക്ഷത്തുനിന്ന് വിമര്‍ശനമുണ്ടായെങ്കിലും അവക്കൊന്നും ചെവികൊടുക്കാന്‍ മുഖ്യമന്ത്രിയായ ഇ.എം.എസ് തയാറായില്ല.

കേസ് തീരുമാനമാകും മുമ്പുതന്നെ ലേഖകന്‍ ജി. വേണുഗോപാലിന്‍െറ പ്രസ് അക്രഡിറ്റേഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ബാലകൃഷ്ണനെയും കൈനിക്കര പത്മനാഭപിള്ളയെയും വേണുഗോപാലിനെയും ശിക്ഷിച്ചു. ബജറ്റ് ചോര്‍ത്തിയതിന് 40 രൂപ വീതം പിഴ അടക്കാനായിരുന്നു വിധി.

തെളിവില്ലാത്തതുകൊണ്ട് പി.സി. പിള്ളയെ വെറുതെവിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാറിനോട് ആര്‍.എസ്.പിക്കാരനായ തനിക്കുണ്ടായ ദേഷ്യമാണ് ചോര്‍ച്ചക്ക് പിന്നിലെന്ന് പില്‍ക്കാലത്ത് പി.സി. പിള്ള മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് പല സര്‍ക്കാറുകളുടെയും ബജറ്റുകളും ചോര്‍ന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും സര്‍ക്കാറിനെ ബാധിച്ചിട്ടില്ല. പക്ഷേ വെള്ളിയാഴ്ച ധനമന്ത്രി സഭക്കുള്ളില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് മീഡിയ റൂമില്‍ സമാന്തര ബജറ്റ് അവതരിപ്പിച്ചത് സഭചരിത്രത്തില്‍ ആദ്യമാണ്.

ബജറ്റ് രഹസ്യം എങ്ങനെ?

  • രഹസ്യരേഖകളായാണ് ബജറ്റ് രേഖകളെ കണക്കാക്കുന്നത്. രേഖകള്‍ പുറത്തുപോകാതെ സൂക്ഷിക്കേണ്ടത് ധനമന്ത്രിയുടെ ചുമതലയാണ്
  • സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് നാലുമാസം മുമ്പെങ്കിലും ഓരോ വകുപ്പിനോടും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ക്ഷണിക്കും
  • രണ്ടാം ഘട്ടത്തില്‍ ധനമന്ത്രി ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന നടത്തും
  • വ്യവസായികള്‍, ഉപഭോക്തൃ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, സമൂഹിക-സാംസ്കാരിക സംഘടനകള്‍ തുടങ്ങി എല്ലാ മേഖലയിലെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കും
  • വരവുചെലവ് കണക്കുകള്‍ തയാറാക്കി ധനമന്ത്രി, ധനസെക്രട്ടറി, ഇരുവരുടെയും ഓഫിസിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അന്തിമചര്‍ച്ച നടക്കും. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നല്‍കും
  • ബജറ്റ് പൂര്‍ത്തിയായാല്‍ ആദ്യം മുഖ്യമന്ത്രിയെ വായിച്ചുകേള്‍പ്പിക്കും. പുലര്‍ച്ച രണ്ടിന് ഇത് അതീവ സുരക്ഷയോടെ സര്‍ക്കാര്‍ പ്രസിലേക്ക്. അച്ചടി പൂര്‍ത്തിയാക്കി രാവിലെ സീല്‍ ചെയ്ത കവറില്‍ നിയമസഭയില്‍ എത്തിക്കും. രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം മന്ത്രി ആരംഭിക്കും.പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്പീക്കറുടെ അനുമതിയോടെ ബജറ്റ് പ്രസംഗവും രേഖകളും സഭാംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്യും. പ്രസംഗം കഴിഞ്ഞശേഷമേ അച്ചടി ജോലി നിര്‍വഹിച്ച ജീവനക്കാരെ പ്രസില്‍നിന്ന് പുറത്തുവിടൂ.
Show Full Article
TAGS:budjet 
News Summary - first budjet of first govt is first leak
Next Story