കാസര്‍ഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി
text_fieldsതിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തില്‍ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസുകാരനാണ് ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ആന്‍ജിയോഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്. ആന്‍ജിയോഗ്രാം പരിശോധന തുടങ്ങി ഒരുമാസത്തിനകം തന്നെ ആന്‍ജിയോപ്ലാസ്റ്റിയും യാഥാർഥ്യമാക്കി. കാസര്‍ഗോഡ് ജില്ലയുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ വലിയ പരിശ്രമമാണ് നടത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. എട്ടു കോടി രൂപ ചെലവഴിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സജ്ജമാക്കിയത്.
സങ്കീര്‍ണമായ ഹൃദയ ചികിത്സകള്‍ക്ക് ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആശുപത്രികളെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമായി മാറും. നിലവില്‍ കാത്ത് ലാബ് സിസിയുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സ്ഥാപനമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മാറിയിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്‍ഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇതുകൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇഇജി സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

