അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, 12 പ്രതികൾക്ക് ജീവപര്യന്തം
text_fieldsപാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈകോടതി വർധിപ്പിച്ചു. കേസിലെ 12 പ്രതികൾക്ക് ജീവപര്യന്തം തടവാണ് ഹൈകോടതി ഡിവിഷൻ ബഞ്ച് വിധിച്ചത്. പ്രതികളുടെ ശിക്ഷ ഏഴ് വർഷം കഠിനതടവിൽ നിന്ന് ജീവപര്യന്തമായി ഉയർത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും മധുവിന്റെ അമ്മ മല്ലിയും നൽകിയ അപ്പീലുകൾ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന വിധി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകിയിട്ടുണ്ട്. നേരത്തെ മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ അന്തിമ വിധി പുറപ്പെടുവിച്ചത്.
വിചാരണക്കോടതി വിധിയിൽ അപര്യാപ്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരും മധുവിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന ആവശ്യം ഡിവിഷൻ ബഞ്ച് അംഗീകരിക്കുകയായിരുന്നു. നേരത്തെ കേസിലെ ഒന്നാം പ്രതിയായ മേച്ചേരിൽ ഹുസൈനെ തെളിവുകളുടെ അഭാവത്തിൽ കോടതി പൂർണ്ണമായി വെറുതെ വിട്ടു. വിചാരണക്കോടതി ഇയാൾക്ക് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എന്നാൽ, ശിക്ഷാവിധി ചോദ്യം ചെയ്ത് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി പൂർണ്ണമായി തള്ളിയിരുന്നു.
2018 ഫെബ്രുവരി 22നായിരുന്നു ആ ക്രൂര സംഭവം അരങ്ങേറിയത്. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

