ഹലോ ഫയർഫോഴ്സല്ലേ ഞങ്ങളുടെ വിവാഹമോതിരമൊന്ന് എത്തിക്കാമോ?
text_fieldsഇരിട്ടി: വിവാഹത്തിന് ഫയർഫോഴ്സിനെന്താ കാര്യമെന്ന് ചോദിച്ചാൽ കരിക്കോട്ടക്കരിക്കാർക്ക് കൃത്യമായ ഉത്തരമുണ്ട്. വ്യാഴാഴ്ച നടക്കുന്ന വിവാഹച്ചടങ്ങിൽ വധൂവരന്മാർക്ക് അണിയേണ്ട മോതിരം കടയിൽനിന്ന് എത്തിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഇരിട്ടി അഗ്നിശമന സേന. ഇരിട്ടി കരിക്കോട്ടക്കരിയിലെ താളുകണ്ടത്തിൽ ഇമ്മാനുവേൽ-ലില്ലി ദമ്പതികളുടെ മകൾ മറിയ ഇമ്മാനുവേലും കണിച്ചാർ ചെങ്ങോത്തെ ഒറ്റപ്ലാക്കൽ ജോസ്-മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോമിനും തമ്മിലുള്ള വിവാഹമാണ് വ്യാഴാഴ്ച നടക്കേണ്ടത്.
ആദ്യം ഏപ്രിൽ 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് നടന്നില്ല. മുംൈബയിൽ മാനുഫാക്ച്ചറിങ് കമ്പനിയിൽ ജോലിചെയ്യുന്ന ജോമിൻ ലോക്ഡൗൺ പ്രഖ്യാപിച്ച ഉടൻ നാട്ടിൽ എത്തിയെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു. ഏപ്രിലിൽ തീരുമാനിച്ച വിവാഹം മേയ് ഏഴിലേക്ക് മാറ്റിവെക്കേണ്ടി വന്നു. വിവാഹസമയത്ത് കൈമാറേണ്ട മോതിരങ്ങൾ കണ്ണൂരിലെ സ്വർണക്കടയിൽ ബുക്ക് ചെയ്തിരുന്നു. കണ്ണൂർ ജില്ല റെഡ് സോണായി പ്രഖ്യാപിച്ചതും ലോക്ഡൗൺ യാത്രാ പ്രതിസന്ധിയും നിലനിൽക്കുന്നതിനാൽ മോതിരമില്ലാതെ വിവാഹം നടത്തിയാലോ എന്ന് വീട്ടുകാർ ആലോചിക്കുന്നതിനിടെയാണ് അഗ്നിരക്ഷാ സേനയുടെ വിവിധ സേവന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുന്നത്.
ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് ഇവർ തങ്ങളുടെ കാര്യങ്ങൾ ബോധിപ്പിച്ചു. സേന ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ടി. മോഹനെൻറ നേതൃത്വത്തിൽ എത്തിച്ച മോതിരങ്ങൾ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബെന്നി ദേവസ്യ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ആൻഡ് ഡ്രൈവർ വി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രി എട്ടോടെ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
