വിനോദയാത്ര പുറപ്പെടുംമുമ്പ് ബസിന് മുകളില്‍ തീക്കളി; കേസ്
text_fieldsപെരുമണ്‍ എന്‍ജിനീയറിങ് കോളജിൽനിന്ന് വിനോദയാത്ര പുറപ്പെടുംമുമ്പ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചപ്പോൾ
അഞ്ചാലുംമൂട്: കോളജിൽനിന്ന് വിനോദയാത്ര പുറപ്പെടുംമുമ്പ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച് ആഘോഷിക്കുന്നതിനിടെ തീപടര്‍ന്ന സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. പൂത്തിരിയില്‍നിന്ന് തീ ബസിലേക്ക് പടരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.
കഴിഞ്ഞ 26ന് അഞ്ചാലുംമൂട് പെരുമണ്‍ എന്‍ജിനീയറിങ് കോളജിലാണ് സംഭവം. ബസ് ജീവനക്കാർ ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ ആറ് ദിവസത്തെ വിനോദയാത്രക്ക് പുറപ്പെടുംമുമ്പായിരുന്നു 'തീക്കളി'. സ്വകാര്യ ടൂറിസ്റ്റ് ബസിന് മുകളിലാണ് അപകടകരമായ രീതിയില്‍ പൂത്തിരി കത്തിച്ചത്. മറ്റു രണ്ടു ബസുകള്‍ ഈ സമയം അവിടെയുണ്ടായിരുന്നതായും ബസുകളിലെ വിദ്യാർഥികൾ തമ്മിലെ മത്സരപ്രകടനത്തിന്‍റെ ഭാഗമായാണ് സംഭവമെന്നും കോളജ് അധികൃതർ പറയുന്നു.
തീപടര്‍ന്ന ബസില്‍തന്നെയാണ് വിദ്യാർഥികള്‍ വിനോദയാത്രക്ക് പോയത്. സംഭവം വിവാദമായതോടെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇടപെട്ടു. അപ്പോഴേക്കും ബസ് വിദ്യാർഥികളെയുംകൊണ്ട് വയനാട്ടിലെ സഞ്ചാരം കഴിഞ്ഞ് കര്‍ണാടകത്തിലേക്ക് പോയി. നിലവില്‍ ബസ് ഗോവയിലാണ്.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസ് കമ്പനിയുടെ ആസ്ഥാന ഓഫിസില്‍ എത്തി ബസ് വിനോദയാത്ര കഴിഞ്ഞ് എത്തിയാല്‍ ആര്‍.ടി.ഒക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നോട്ടീസ് നൽകി. ഈ സമയത്ത് ഓഫിസിനു സമീപമുണ്ടായിരുന്ന മറ്റ് ബസുകളിലെ അധിക ഫിറ്റിങ്ങുകള്‍ അഴിച്ചുമാറ്റി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ബസ് എത്തിയാലുടന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതര്‍ വൃക്തമാക്കി.
അതേസമയം, സംഭവത്തില്‍ കോളജിന് പങ്കില്ലെന്നും വിദ്യാർഥികളെ ആകര്‍ഷിക്കാൻ ബസ് ജീവനക്കാരാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതെന്നും പെരുമണ്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ എസ്.ജെ. ബിന്ദു പറഞ്ഞു.