Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘300 മീറ്റർ പോകാൻ...

‘300 മീറ്റർ പോകാൻ ബൈക്ക് എടുക്കാതിരുന്നെങ്കിൽ, ഒരു പക്ഷേ ആറോ ഏഴോ ജീവനുകൾ...’ -ഫയർസ്റ്റേഷൻ ഓഫിസറുടെ കുറിപ്പ്

text_fields
bookmark_border
‘300 മീറ്റർ പോകാൻ ബൈക്ക് എടുക്കാതിരുന്നെങ്കിൽ, ഒരു പക്ഷേ ആറോ ഏഴോ ജീവനുകൾ...’ -ഫയർസ്റ്റേഷൻ ഓഫിസറുടെ കുറിപ്പ്
cancel
camera_alt

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന വീട്

കോഴിക്കോട്: പുലർച്ചെ നാലരക്ക് അടുക്കളയിൽ സൂക്ഷിച്ച കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്ന മുക്കം ഫയർസ്റ്റേഷൻ ഓഫിസർ എം.എ. ഗഫൂർ എഴുതിയ കുറിപ്പ് വായിക്കാം:

മുന്നൂറു മീറ്റർ സഞ്ചരിക്കാൻ ഞാൻ ആ ബൈക്ക് എടുക്കാതിരുന്നെങ്കിൽ ....

പുലർച്ചെ നാലരയോടടുത്താണ് മൊബൈലിലേക്ക് സുഹൃത്ത് നിയാസിന്റെ വിളി. അവൻ ടോയ്‌ലെറ്റിൽ പോകാൻ എണീറ്റപ്പോഴാണ് അയൽവാസിയുടെ അടുക്കളയിൽ നിന്ന് വെളിച്ചം ഉയരുന്നത് കണ്ടത്. എന്റെ വീട്ടിൽ നിന്ന് കഷ്ടിച്ച് 300 മീറ്റർ മാത്രം അകലെമേയുള്ളൂവെങ്കിലും ആ സന്ദർഭത്തിൽ സെക്കന്റുകളുടെ വിലയറിയുന്നത് കൊണ്ട് ബൈക് സ്റ്റാർട്ട് ചെയ്തു.

ആ വീടിനടുത്തെത്തി ജനലിലൂടെ നോക്കുമ്പോൾ കാണുന്നത് വാഷിംഗ്‌ മെഷീൻ കത്തിയുരുകിയൊലിച്ച് വീട്ടിനകത്ത് സൂക്ഷിച്ച എൽ.പി.ജി സിലിണ്ടറിന് ചുറ്റും തീ ആളിപ്പടരുന്നതാണ്. സാധാരണ ഞങ്ങൾ ഫയർ സർവീസുകാർ "ഫസ്റ്റ് റെസ്പോൺഡേഴ്‌സ് " ആയി എത്താറില്ലല്ലോ. ഒരപകടം നടന്ന സ്ഥലത്തെ സമീപവാസികൾ ആണല്ലോ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്താറുള്ളത്.

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ

ഇത്തവണ പക്ഷേ നാട്ടിലാണെന്നതും അതും പുലർച്ചെ ആയതിനാലും ഫസ്റ്റ് റെസ്പോൺഡർ ആയി ഗ്യാസ് സിലിണ്ടറിന് മുന്നിലേക്ക്. സാധാരണ ബോധവത്കരണ ക്ലാസ്സുകളിൽ പൊതുജനങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട രക്ഷാ പ്രവർത്തനം നാം തന്നെ ആദ്യ ഘട്ടത്തിൽ ചെയ്യേണ്ട അവസ്ഥ. LPG സിലിണ്ടർ കണ്ട ആ മൂന്ന് സെക്കൻഡിൽ കാര്യത്തിന്റെ ഗൗരവം മനസിലായി. കുറേ നേരം സിലിണ്ടറിന് പുറത്ത് ചൂടേറ്റ് ഏത് സമയവും BLEVE സംഭവിച്ച് പൊട്ടിത്തെറിക്കാൻ പാകത്തിൽ ബൾജ് ചെയ്യാൻ തുടങ്ങുന്ന സിലിണ്ടർ കണ്ട മാത്രയിൽ പിന്നെ ഒന്നും ആലോചിച്ചില്ല. "Hazchem" കോഡിലെ " E" മനസ്സിൽ തെളിഞ്ഞു.

എൺപതോളം വയസ്സുള്ള വൃദ്ധ ദമ്പതികളും ഒന്നര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞുമടങ്ങുന്ന ആറംഗ കുടുംബത്തെ പെട്ടെന്ന് സുരക്ഷിതമായി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മാറ്റി. അതിനിടയിലാണ് മുക്കം ഫയർ സ്റ്റേഷനിലേക്ക് വിളിച്ച് കോൾ അറിയിച്ചതും. അവരെത്തുന്നത് വരെ തണുപ്പിക്കാൻ ആ വീട്ടിലുള്ള ചെടി നനക്കുന്ന ഹോസ് എടുക്കാൻ ഓടിപ്പോവുന്ന സമയമാണ് ആ ഭയാനകമായ പൊട്ടിത്തെറി നടക്കുന്നത്. വൻ ശബ്ദവും കുലുക്കവും. ഞാനും നിയാസും മതിലിലേക്കായി വീണതും ജനൽ ചില്ലുകൾ തെറിച്ചു വന്നതും ഒരേ സമയം. ആയിരം വട്ടം ബോധവൽക്കരണ ക്ലാസ്സുകളിൽ പഠിപ്പിച്ച "BLEWE" എന്ന ഗ്യാസ് സിലിണ്ടറിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥക്ക് ഞാനും ഇരയായിരിക്കുന്നു.

ഒരു സെക്കന്റ് സ്റ്റക്ക് ആയി നിന്നു പോയി.. പെട്ടെന്ന് തന്നെ ഹോസ് എടുത്ത് കണക്ട് ചെയ്ത് സുരക്ഷ ഉറപ്പാക്കി ചുമരിന് മറ നിന്ന് ജനൽ വഴി അടുക്കളയിലേക്ക് വെള്ളം ചീറ്റി. അല്പമൊന്നു തണുത്തപ്പോൾ അടുക്കളയിലുണ്ടായിരുന്ന രണ്ടാമത്തെ സിലിണ്ടർ എടുത്ത് പെട്ടെന്ന് പുറത്തേക്ക് മാറ്റി തണുപ്പിച്ചു. അപ്പോഴേക്കും ശബ്ദം കേട്ട അയൽവാസികൾ എത്തി. പിന്നാലെ മുക്കം ഫയർ സർവീസിലെ സഹപ്രവർത്തകരും. നിമിഷ നേരം കൊണ്ട് തീ പൂർണമായും കെടുത്തി.

ഇത്തരം അപകടങ്ങൾ ഉണ്ടാവുമ്പോൾ എന്തു ചെയ്യണം, എന്തു ചെയ്യാൻ പാടില്ല എന്നാണ് ഞങ്ങൾ നിരന്തരമായി സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളെ ഫലപ്രദമായി "ഡീൽ" ചെയ്യാൻ പൊതുസമൂഹം കൂടുതൽ സജ്ജരാവേണ്ടതുണ്ട്. പരിശീലനം ലഭിച്ച സിവിൽ ഡിഫെൻസ്, ആപ്താ മിത്ര പോലെയുള്ള വിവിധ സന്നദ്ധ പ്രവർത്തകർ നാട്ടിലുണ്ടാവുക എന്നതും ദുരന്തമില്ലാതാക്കാനോ അവയുടെ തോത് കുറക്കാനോ സഹായിക്കും.

അതോടൊപ്പം വീടുകളിൽ LPG കുറേക്കൂടി സീരിയസ് ആയി "കൈകാര്യം" ചെയ്യേണ്ടതുണ്ട്. സിലിണ്ടറുകൾ വീടിന് പുറത്ത് സ്ഥാപിച്ച് പൈപ്പുകൾ വഴി അകത്തേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. നല്ല വായു സഞ്ചാരം ഉറപ്പാക്കാനും അപകടസാധ്യത കുറക്കാനും ഇതുപകരിക്കും. അതോടൊപ്പം രാത്രി കിടക്കുന്നതിനു മുൻപ് റെഗുലേറ്റർ അടച്ചു എന്നുറപ്പാക്കേണ്ടതുണ്ട്.

ഇലക്ട്രിക് ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ നിർബന്ധമായും ഓഫ്‌ ചെയ്‌തെന്ന് ഉറപ്പുവരുത്തുക. ഇലക്ട്രിക്കൽ സേഫ്റ്റി ഉറപ്പുവരുത്തുന്നതിന് MCB, ELCB എന്നിവ സ്ഥാപിക്കുക.

ഞാനോർത്തത് സമയത്തിന്റെ വിലയാണ്. ഒരു പക്ഷേ ആറോ ഏഴോ മനുഷ്യ ജീവനുകളുടെ വിലയാണ്..മുന്നൂറ് മീറ്റർ സഞ്ചരിക്കാൻ ഞാൻ ആ ബൈക്ക് എടുത്തിരുന്നില്ലെങ്കിൽ.... ഒറ്റക്കാഴ്ചയിൽ ആ BLEVE സാധ്യത തിരിച്ചറിയാതെ പോയിരുന്നെങ്കിൽ...!!

എം.എ. ഗഫൂർ

ഫയർസ്റ്റേഷൻ ഓഫീസർ

മുക്കം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinder blastLPG Cylinder BlastFire Station
News Summary - Fire Station Officer about LPG cylinder blast
Next Story