'രക്ഷകൻ' ബാബുരാജിന് ഫയർഫോഴ്സിന്‍റെ ആദരം
text_fieldsവടകര: കേരള ബാങ്കിന്‍റെ വടകര ശാഖയുടെ ഒന്നാംനിലയിൽ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞയാളെ സാഹസികമായി രക്ഷപ്പെടുത്തിയ തയ്യിൽമീത്തൽ ബാബുരാജിനെ ഫയർഫോഴ്സ് ആദരിച്ചു. ബാബുരാജിന്‍റെ സമയോചിത ഇടപെടൽ ഒരു ജീവനാണ് രക്ഷിച്ചതെന്നും ഇത്തരം പ്രവർത്തനം ഏവർക്കും പ്രചോദനമാണെന്നും ഉപഹാരം നൽകിക്കൊണ്ട് സ്റ്റേഷൻ ഓഫിസർ വി.പി. ജഗദീഷ് നായർ പറഞ്ഞു.
റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി വി.ടി.കെ. നൗഷാദ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ. മനോജ്കുമാര്‍, എസ്.എഫ്.ആര്‍.ഒ പി. വിജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വടകര കേരള ബാങ്കിെൻറ ശാഖയിൽ ഊഴം കാത്തു നിൽക്കുകയായിരുന്ന അരൂർ സ്വദേശി ബിനു ആണ് ബോധം നഷ്ടപ്പെട്ട് ഒന്നാം നിലയിലെ അരമതിലിനു മുകളിലൂടെ താഴേക്ക് മറിഞ്ഞത്. യുവാവിനു സമീപം നിൽക്കുകയായിരുന്ന ബാബുരാജ് അപകടം മനസിലാക്കി നൊടിയിടയിൽ അയാളുടെ കാലിൽ പിടിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്നവരും ബാങ്കിലുള്ളവരും ഓടിയെത്തി യുവാവിനെ വലിച്ചുകയറ്റുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് അഭിനന്ദന പ്രവാഹമാണ് ബാബുരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.