കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം
text_fieldsകോഴിക്കോട്: കോർപറേഷന്‍റെ അജൈവ മാലിന്യ സംസ്‌കരണശാലയിൽ വൻ തീപിടിത്തം. ഭട്ട്റോഡ് ബീച്ചിൽ ശാന്തിനഗർ കോളനിക്ക് എതിർഭാഗത്താണ് ഞായറാഴ്ച രാവിലെ ഒമ്പതരയോടെ തീപിടിത്തമുണ്ടായത്.
ജില്ലയിലെ ഏഴ് സ്റ്റേഷനുകളിൽനിന്നെത്തിയ 13 അഗ്നിരക്ഷ യൂനിറ്റുകൾ ഏഴുമണിക്കൂറിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് തീയണച്ചത്. സിറ്റി പൊലീസും പട്ടാളവും നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. തീപിടിത്ത സമയം പ്ലാന്റിനുള്ളിൽ ആളുകളാരുമുണ്ടായിരുന്നില്ല. നൂറുകണക്കിന് ലോഡ് മാലിന്യം കുന്നുകൂട്ടിയിട്ടതിനാൽ പ്ലാന്റിന്റെ മേൽക്കൂരയിലെ ഷീറ്റും കെട്ടിടത്തിന്റെ ഷട്ടറുകളുമടക്കമുള്ളവ പൊളിച്ചാണ് വെള്ളം ഉള്ളിലേക്ക് ചീറ്റിയത്.
വർഷങ്ങൾക്കുമുമ്പ് കോർപറേഷൻ അജൈവ മാലിന്യ സംസ്കരണ കേന്ദ്രമായി തുടങ്ങിയ സ്ഥാപനം വിവിധ പ്രശ്നങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയിരുന്നു. തുടർന്ന് നഗര റോഡിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കോർപറേഷൻ ഇവിടേക്ക് എത്തിക്കുകയും കരാർ ഏറ്റെടുത്ത കോന്നാരി ഏജൻസി ഇവ കണ്ടെയ്നർ ലോറികളിൽ കയറ്റി മറ്റു സംസ്ഥാനങ്ങളിലേക്ക് അയക്കുകയുമാണ് ചെയ്തിരുന്നത്. സമയബന്ധിതമായി മാലിന്യങ്ങൾ നീക്കാത്തതിനാൽ ഒരേക്കറോളം വരുന്ന ഭാഗമാകെ മാലിന്യത്താൽ നിറഞ്ഞിരുന്നു. ഇവയടക്കമാണ് കത്തിയത്. പ്ലാന്റിൽനിന്ന് പുക ഉയരുന്നതു കണ്ടതോടെ നാട്ടുകാരാണ് അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചത്. സേന ഒരുഭാഗത്ത് വെള്ളം ചീറ്റി അണക്കുമ്പോഴേക്കും തീ മറ്റുഭാഗങ്ങളിൽ പടർന്നുകയറുകയായിരുന്നു. കടലോരത്തുനിന്നുള്ള ശക്തമായ കാറ്റും തീ പെട്ടെന്ന് ആളിപ്പടരാനിടയാക്കി. മണിക്കൂറുകളോളമാണ് അന്തരീക്ഷത്തിൽ കറുത്ത പുക പരന്നത്. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായതുതന്നെ. പല ഭാഗത്തുനിന്നായി പുക ഉയർന്നതോടെ നാല് മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ച് പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുകളുമടക്കമുള്ള മാലിന്യങ്ങൾ ഇളക്കി വെള്ളം ചീറ്റി മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
സിഡ്കോയുടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനോട് ചേർന്നാണ് പ്ലാന്റ്. തൊട്ടടുത്തുതന്നെ പോളിമറിന്റെ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഗോഡൗണുകളുമുണ്ട്. പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയതിനാലാണ് തീ ഇവിടങ്ങളിലേക്ക് പടരാതിരുന്നതും വൻ ദുരന്തം ഒഴിവായതും. പ്ലാന്റിനോട് ചേർന്നുള്ള രണ്ട് ട്രാൻസ്ഫോർമറുകളിലെയും വൈദ്യുതി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചതും വൻ അപകടം ഒഴിവാക്കി. തീപിടിത്തത്തിലെ നഷ്ടം കണക്കാക്കിയിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ തീപിടിത്തകാരണം എന്നതടക്കം അന്വേഷണത്തിനുശേഷമേ പറയാനാവൂ എന്ന് ജില്ല അഗ്നിരക്ഷ ഓഫിസർ കെ.എം. അഷ്റഫ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

