കൊച്ചിയിൽ ചരിത്ര പ്രസിദ്ധമായ കോഡർ ഹൗസിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
text_fieldsഫോർട്ട്കൊച്ചിയിൽ കോഡർ ഹൗസ് ബംഗ്ലാവിന് തീപിടിച്ചപ്പോൾ
ഫോർട്ട്കൊച്ചി: നെഹ്റു പാർക്കിന് സമീപത്തെ ചരിത്ര പ്രസിദ്ധമായ കൊളോണിയൽ ബംഗ്ലാവ് കോഡർ ഹൗസിന് തീപിടിച്ചു. പോർച്ചുഗീസ് -യൂറോപ്യൻ ശൈലിയും കേരളീയ ഘടകങ്ങളും സമന്വയിപ്പിച്ചുള്ള ഇൻഡോ-യൂറോപ്യൻ വാസ്തുശൈലിയിൽ നിർമിച്ച ബംഗ്ലാവ് ഹോട്ടലായി പ്രവർത്തിച്ചുവരികയായിരുന്നു. ചൊവാഴ്ച വൈകീട്ട് ഏഴോടെയാണ് ബംഗ്ലാവിന്റെ മുകൾ നിലയിൽനിന്ന് തീ ഉയർന്നത്.
മുകളിലെ നില ഏകദേശം പൂര്‍ണമായും കത്തിയ നിലയിലാണ്. തേക്കിൻ തടി കൊണ്ട് നിർമിച്ച ഫർണീച്ചറുകളായിരുന്നു ഇവിടെ ഏറെയും. ഇവക്ക് തീപിടിച്ചതോടെ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ ആളിപ്പടരുകയായിരുന്നു. മുകളില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട ശേഷമാണ് തീപിടുത്തമുണ്ടായത്. മട്ടാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂനിറ്റ് എത്തിയെങ്കിലും വാഹനത്തിൽ ആവശ്യത്തിന് വെള്ളമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇവ വെള്ളം നിറക്കാൻ പോയതോടെ തീ കൂടുതല്‍ പടർന്നു. സമീപത്തെ വലിയ വൃക്ഷത്തിലേക്കും തീ പടർന്നു.
പിന്നീട് നാവികസേന, കൊച്ചിൻ പോർട്ട്, ക്ളബ് റോഡ്, ഗാന്ധി നഗര്‍, തൃക്കാക്കര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന യൂനിറ്റുകള്‍ ഉടപ്പെടെ ആകെ പത്ത് യൂനിറ്റുകൾ രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് മുംബൈ സ്വദേശികള്‍ ഓടി പുറത്ത് കടന്നതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മുറികളില്‍ താമസക്കാരുണ്ടായില്ല. തീപിടിത്തം നടന്ന ഉടന്‍ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

