അത്യാഹിതമാണ് ഈ അനാസ്ഥ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിതവിഭാഗത്തിലെ യു.പി.എസ് മുറിയിലുണ്ടായ പൊട്ടിത്തെറിക്കും പിന്നാലെ ചുരുളഴിയുന്നത്, ഓരേസമയം നൂറുകണക്കിന് രോഗികൾ ചികിത്സതേടുന്ന അത്യാധുനിക ആശുപത്രി നിർമാണത്തിലെ അപാകതകളും നടത്തിപ്പിലെ അനാസ്ഥയും.
പുകനിറഞ്ഞ് പരിഭ്രാന്തി പടർന്നപ്പോൾ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികളെ രക്ഷപ്പെടുത്താൻ ഒരുപറ്റംസന്നദ്ധ സേനതന്നെ ഓടിയെത്തിയെങ്കിലും കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ കെടുകാര്യസ്ഥത വിലങ്ങുതടിയായി. ആശുപത്രിയിലേക്ക് മൂന്നു ഭാഗങ്ങളിലൂടെ മൂന്ന് പ്രവേശ കവാടമാണുള്ളത്. ഇതിൽ മുൻഭാഗത്തെ കവാടം മാത്രമാണ് തുറന്നിട്ടിരിന്നത്.
ഇരു വശങ്ങളിലുമുള്ള രണ്ട് കവാടങ്ങളും ചങ്ങലയിൽ ബന്ധിപ്പിച്ച് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് രക്ഷാ പ്രവർത്തനത്തിന് എത്തിയവർ പറഞ്ഞു. തുടർന്ന് പടിഞ്ഞാറ് വശത്തുള്ള ഒരു ചെറിയ ഗ്ലാസ് വാതിൽ ചവിട്ടിത്തുറന്നാണ് ഐ.സി.യുവിൽ നിന്നടക്കം രോഗികളെ പുറത്തെത്തിച്ചത്.
കോമ്പൗണ്ടിന് ഓരോഓരു പ്രവേശ കവാടം മാത്രമായതും രക്ഷാപ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. പഞ്ഞാറ് ഭാഗത്ത് ചെറിയ ഒരു ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൂടെ വാഹനങ്ങൽ കയറാനും ഇറങ്ങാനും സാധിക്കില്ല. മാത്രല്ല അത് തുറക്കാറുമില്ല. ഫയർ ഫോഴ്സ് വാഹനങ്ങളും ആംബുലൻസുകളും ഒരേ ഗേറ്റിലൂടെ അകത്തേക്കും പുറത്തേക്കും കടന്നതോടെ ഗതാഗതക്കുരുക്കിനിടയാക്കി.
സെന്ട്രലൈസ്ഡ് എസിയായിപ്രവര്ത്തിക്കുന്ന കെട്ടിടത്തില് പുക പുറത്തേക്കൊഴിയാന് ആവശ്യത്തിന് ജനലുകൾ ഇല്ലെന്നതും പ്രതിസന്ധിയായി. മാത്രമല്ല റംപുകളില് കേടായ ട്രോളി, വീൽചെയർ, കട്ടിലുകൾ എന്നിവ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മുകൾ നിലയിൽനിന്ന് റാംപ് വഴി ട്രാളിയിലും വീൽചെയറിലും രോഗികളുമായി എത്തിയവർ പുറത്തുകടക്കാൻ മാലിന്യം നീക്കം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടിവന്നു.
വെന്റിലേറ്ററിൽ കിടക്കുന്ന രോഗികളെ അതേ സരുക്ഷയോടെ പുറത്തെത്തിക്കാൻ സംവിധാനം ഇല്ലാത്തതും വെല്ലുവിളിയായി. മാത്രമല്ല മെഡിക്കൽ കോളജ് കാമ്പസിൽ അഗ്നി സുരക്ഷായൂനിറ്റ് ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
ബീച്ച് ആശുപത്രിയിൽ പ്രത്യേക വാർഡുകൾ
കോഴിക്കോട്: യു.പി.എസ് മുറിയിൽ പൊട്ടിത്തെറിയുണ്ടായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതോടെ ബീച്ച് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. ആശുപത്രിയിൽ രണ്ട് വാർഡുകൾ പ്രത്യേകമായി സജ്ജമാക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
നിലവിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഒന്ന്, മൂന്ന് വാർഡുകൾ അടിയന്തരമായി സജ്ജമാക്കുകയായിരുന്നു. ഇവിടെ 116 പേരെ കിടത്തി ചികിത്സിക്കാനാവുമെന്ന് ആശുപത്രി സൂപ്രണ്ട് സി.കെ. ജീവൻലാൽ പറഞ്ഞു. മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിലും അത്യാഹിത വിഭാഗത്തിലുമുള്ള 23 ഡോക്ടർമാരെ താൽക്കാലികമായി ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടെ പ്രവർത്തിക്കുന്നത്.
പത്ത് പാരാമെഡിക്കൽ ജീവനക്കാരുടെ സേവനവും ലഭ്യമാക്കി. മരുന്ന് ഉൾപ്പെടെ മറ്റുസംവിധാനങ്ങളെല്ലാം നിലവിൽ ആശുപത്രിയിലുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. പുക ഉയർന്നതിനുപിന്നാലെ മെഡിക്കൽ കോളജിൽ നിന്ന് രാത്രി 80 പേരെയാണ് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരിൽ 34 പേരാണ് നിലവിൽ ഇവിടെ ചികിത്സയിലുള്ളത്. എന്നാൽ 12 പേർ മാത്രമാണ് ബീച്ച്ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

