മായുന്നില്ല നടുക്കത്തിന്റെ പുകച്ചുരുളുകൾ
text_fieldsകോഴിക്കോട് മെഡിക്കൽ കോളജിൽ പുക ഉയർന്നതിനിടയിൽ മരിച്ച നസീറയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റുന്നു
കോഴിക്കോട്: പ്രിയപ്പെട്ടവരെ കൈവിടാനാകാതെ അവരുടെ ജീവൻ രക്ഷിക്കാനായി അവസാന ശ്രമമെന്ന നിലയിൽ എത്തിയതാണ് മെഡിക്കൽ കോളജിൽ, എന്നാൽ മരണത്തിന്റെ കറുത്ത പുക ഈ ജീവൻ രക്ഷാകേന്ദ്രത്തിൽനിന്നുതന്നെ ഉറ്റവരെ കൊണ്ടുപോയതിന്റെ നടുക്കവും വേദനയും മാറുന്നില്ല ബന്ധുക്കൾക്ക്.. പുക ഉയർന്നതിനെത്തുടർന്നുണ്ടായ പരിഭ്രാന്തിയിൽ വെന്റിലേറ്ററും ഓക്സിജനും എടുത്തുമാറ്റിയതോടെ തങ്ങൾക്ക് ഉറ്റവരെ കൈവിട്ടു പോവുകയായിരുന്നുവെന്ന് മരണത്തിന് കീഴടങ്ങിയവരുടെ ബന്ധുക്കൾ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന പരിഭ്രാന്തിക്കിടെ അഞ്ചു രോഗികളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ഗംഗ, മേപ്പയൂർ സ്വദേശി ഗംഗാധരൻ (72), വെസ്റ്റ്ഹിൽ ഗോപാലൻ (67), വടകര സ്വദേശി സുരേന്ദ്രൻ (59) വയനാട് മേപ്പാടി സ്വദേശി നസീറ(44) എന്നിവരാണ് സംഭവ സമയത്തും ശേഷവുമായി മരണപ്പെട്ടത്. കൊയിലാണ്ടി മേപ്പയൂർ സ്വദേശി പുളിച്ചികൊലാറ്റമീത്തൽ ഗംഗാധരന് റെഡ് ഏരിയയിൽ ഓക്സിജൻ നൽകുകയായിരുന്നു.
പുക പരന്നതോടെ ഓക്സിജൻ മാസ്ക് എടുത്ത് പുറത്തെത്തിച്ചു. അഞ്ചുമിനിറ്റിനകം മരിച്ചുവെന്നും മകൻ പറഞ്ഞു. സോഡിയം കുറഞ്ഞതിനെത്തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗംഗാധരനെ രണ്ടിന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചത്. ഭാര്യ: കാർത്യായനി, മക്കൾ: ശ്രീജ, സുനിത, നിഷ, ഷിജി. മരുമക്കൾ: ഷാജി, വിജീഷ് മേപ്പയൂർ, അനിൽകുമാർ ചെമഞ്ചേരി, അനീഷ്.
മേപ്പാടി സ്വദേശി നസീറയെ വിഷം അകത്തുചെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 ഓടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം ഐ.സിയുവിലേക്ക് മാറ്റിയെങ്കിലും അരമണിക്കൂറിനകം നസീറ മരണത്തിന് കീഴടങ്ങി. ഭർത്താവ്: പരേതനായ മുഹമ്മദ് അലി. മകൾ: ആഷിക്, അൻഷിദ, ഹർഷീന. മരുമകൻ -ജെയ്സൽ. പിതാവ് മുഹമ്മദ് മാനു. മാതാവ് മൈമൂന. സഹോദരങ്ങൾ: സഹദലി, അഷ്റഫ്, ഉമ്മൂന, യുസുഫലി.
വെസ്റ്റ്ഹിൽ കുപ്പായംതൊടി ഹൗസിൽ ഗോപാലൻ വയറുസംബന്ധമായ അസുഖത്തെ തുടർന്ന് ഏപ്രിൽ 30 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ച് ഒന്നിന് ഡിസ്ചാർജായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്റർ റെഡ് ഏരിയയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിഭ്രാന്തിക്കിടെ വെന്റിലേറ്റർ മാറ്റി പുറത്തേക്ക് എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു. എന്നാൽ, സംഭവങ്ങൾ ഉണ്ടാവുന്നതിന് മുമ്പുതന്നെ അത്യാസന്ന നിലയിലാണെന്ന് ഡോക്ടർമാർ പറഞ്ഞതായും പുറത്തെത്തിച്ചപ്പോൾ സി.പി.ആർ ഉൾപ്പെടെ ഡോക്ടർമാർ നൽകിയതായും ബന്ധുക്കൾ പറയുന്നു. ഭാര്യ: പുഷ്പ, മക്കൾ: ദീപ, മനീഷ്, മരുമക്കൾ: ശശി കണ്ണൂർ, മനീഷ.
ന്യൂമോണിയയെ തുടർന്ന് വടകര സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വെള്ളിയാഴ്ച വടകര വള്ളൂമ്മൽ താഴെകുനിയിൽ സുരേന്ദ്രൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്. വെന്റിലേറ്ററിലായിരുന്ന സുരേന്ദ്രനെ പുറത്തെത്തിച്ച് ഓക്സിജൻ നൽകിയെങ്കിലും 15 മിനിറ്റിനുശേഷം മരിച്ചു. ഭാര്യ: സതി, മകൻ: അരുൺ.
സംഭവം നടക്കുന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ച രോഗി പശ്ചിമ ബംഗാൾ സ്വദേശി ഗംഗ ആംബുലൻസിൽ നിന്നുതന്നെ മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ ആത്മഹത്യാശ്രമത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ബന്ധുക്കളിൽ മൊഴി രേഖപ്പെടുത്തി.മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

