ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പ്; തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വണ്ടികൾ അന്വേഷിച്ചെത്തുന്നവരുടെ തിരക്ക്
text_fieldsതൃശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിൽ ഞായറാഴ്ചയുണ്ടായ അഗ്നിബാധയിൽ കത്തി നശിച്ച ഷെഡിലെ
മേൽക്കൂരകൾ എടുത്തുമാറ്റിയപ്പോൾ
തൃശൂർ: കഴിഞ്ഞ ദിവസം വരെ തിരക്കേറിയ പാർക്കിങ് സ്ഥലമായിരുന്ന തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിലെ പാർക്കിങ് കേന്ദ്രം ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പ് പോലെ കിടക്കുന്നതാണ് കാഴ്ച. പൂർണമായും കത്തിനശിച്ച മുന്നൂറോളം വണ്ടികൾ. ഭൂരിഭാഗം വണ്ടികളുടെയും ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച പാർക്കിങ് കേന്ദ്രത്തിന് സമീപത്തേക്ക് വണ്ടി അന്വേഷിച്ചെത്തുന്നവരുടെ തിരക്കായിരുന്നു. തിരിച്ചറിയാനാകാത്ത വിധം കത്തിയമർന്നവയിൽ തങ്ങളുടെ വാഹനം ഏതെന്നുപോലും മനസ്സിലാക്കാനാകാത്ത അവസ്ഥയായിരുന്നു. അവധി ദിവസം വാഹനം പാർക്കിങ്ങിൽ വെച്ച ശേഷം നാട്ടിൽ പോയവരായിരുന്നു തിങ്കളാഴ്ച എത്തിയവരിൽ അധികവും. തിരിച്ചറിയാനാകാത്ത വിധം ചാമ്പലായ വാഹനങ്ങൾ നോക്കി നിൽക്കുകയായിരുന്നു പലരും.
ഉച്ചയാകുമ്പോഴേക്കും 120ലധികം പേർ വാഹനങ്ങളുടെ വിവരങ്ങൾ അന്വേഷിച്ച് എത്തിയിരുന്നു. പാർക്കിങ് കരാർ എടുത്തിരുന്നവർ ചുമതലപ്പെടുത്തിയ വ്യക്തി ഇവരുടെ വാഹനങ്ങളുടെ നമ്പറും ഫോൺ നമ്പറും അടക്കം വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു.
മൂന്ന് മാസം മുമ്പ് വാങ്ങിയ രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള ബൈക്ക് നശിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. കത്തിയ വാഹനങ്ങളുടെ ചിത്രങ്ങളെടുക്കാൻ എത്തിയ കാഴ്ചക്കാരും കുറവായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ തടയുന്നുമുണ്ടായിരുന്നു.
റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 300ഓളം ഇരുചക്ര വാഹനങ്ങൾ പൂർണമായും കത്തിനശിച്ച സംഭവത്തിൽ അവ്യക്തത തുടരുന്നു.
തീപിടിച്ചത് എങ്ങനെയാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സി.സി.ടി.വിയുടെ ഡി.വി.ആർ പൂർണമായും കത്തിനശിച്ചതിനാൽ ആ രീതിയിൽ തെളിവ് ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി വീഴൽ, ഇലക്ട്രിക് സ്കൂട്ടറിന് തീപിടിക്കൽ, ചവറിന് തീപിടിക്കൽ തുടങ്ങിയവയിലൊന്നാകാമെന്ന സംശയമാണുള്ളത്.
ഫോറൻസിക് അധികൃതർ തിങ്കളാഴ്ച പ്രാഥമിക പരിശോധന നടത്തിയിരുന്നു. പാർക്കിങ് കേന്ദ്രത്തിലെ ഷെഡ്ഡുകളുടെ ഷീറ്റുകൾ പൊളിച്ചുനീക്കാൻ നിർദേശം നൽകിയിരുന്നു. ഇവ പൂർണമായും പൊളിച്ചുനീക്കുന്ന ജോലി നടക്കുകയാണ്. ഇതിന് ശേഷമാകും ഫോറൻസിക് സംഘത്തിന്റെ വിശദ പരിശോധന നടക്കുക. ഫോറൻസിക് റിപ്പോർട്ടിലൂടെയേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ.
വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി വീണ് ഒരു ഇരുചക്രവാഹനത്തിന് തീപിടിക്കുകയും മറ്റുള്ളവയിലേക്ക് പടരുകയായിരുന്നുവെന്നുമായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, നാലാം നമ്പർ പ്ലാറ്റ്ഫോമിന് പുറത്തുള്ള കേന്ദ്രത്തിൽ ടിൻ ഷീറ്റുകളുടെ മുകളിൽ തീപ്പൊരി വീണ് തീപിടിക്കാൻ സാധ്യതയില്ലെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, പാർക്കിങ് കേന്ദ്രത്തിലുണ്ടായിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചതാണെന്ന സംശയവും ഉയരുന്നുണ്ട്.
ഈ വാഹനത്തിൽനിന്ന് മറ്റുള്ളവയിലേക്ക് അതിവേഗം പകരുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനും വ്യക്തമായ സ്ഥിരീകരണമില്ല. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ജീവനക്കാരികളാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം പാർക്കിങ് കേന്ദ്രത്തിൽനിന്ന് കത്തിനശിച്ച വാഹനങ്ങൾ നീക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

