Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിമ്പുക വിഴുങ്ങി...

കരിമ്പുക വിഴുങ്ങി കോഴിക്കോട്; നഗരത്തിൽ ഗതാഗത നി​യന്ത്രണം

text_fields
bookmark_border
കരിമ്പുക വിഴുങ്ങി കോഴിക്കോട്; നഗരത്തിൽ ഗതാഗത നി​യന്ത്രണം
cancel

കോഴിക്കോട്: പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നഗരത്തിൽ കരിമ്പുക പടർന്നു. പുതിയ ബസ്‌സ്റ്റാൻഡിൽ കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വമ്പൻ തുണിക്കടയും സമീപ​ത്തെ കടകളുമാണ് കത്തിനശിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുടങ്ങിയ തീ മണിക്കൂറുകൾ എടുത്താണ് നിയ​്രന്തണവിധേയമാക്കിയത്. ഫയർ എൻജിനുകൾക്ക് കടന്നുപോകാനും രക്ഷാപ്രവർത്തനം സുഗമമാക്കാനും മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മാനാഞ്ചിറയിൽ നിന്നാണ് ഫയർ എൻജിനുകൾ വെള്ളം ശേഖരിച്ചത്.

ആദ്യം നിയന്ത്രണവിധേയമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഏഴരയോടെ തീ ആളിപ്പടർന്നതോടെ നഗരം മുൾമുനയിലായി. അഗ്നിരക്ഷ സേനയുടെ ബീച്ച്, വെള്ളിമാടുകുന്ന്, മീഞ്ചന്ത തുടങ്ങിയ യൂനിറ്റുകളാണ് ആദ്യമെത്തിയത്. എന്നിട്ടും തീ നിയന്ത്രണവിധേയമല്ലെന്നു കണ്ടതോടെ ജില്ലക്ക് പുറത്തെ യൂനിറ്റുകളടക്കം എത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നെത്തിയ പ്രത്യേക ഫയർ എൻജിനുംകൂടി ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ബസ് സ്റ്റാൻഡിലെ പി.ആർ.സി മെഡിക്കൽ സ്റ്റോറിനടുത്തുള്ള ഭാഗത്താണ് ആദ്യം തീ കണ്ടത്. ഉടൻ തന്നെ ആളുകളെ ഒഴിപ്പിക്കുകയും കടകളടപ്പിക്കുകയും ബസുകൾ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും ചെയ്ത് ഫയർ ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും തൊഴിലാളികളും വ്യാപാരികളും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തീ പടര്‍ന്ന ഉടനെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ പുറത്തേക്കോടിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്‍റെ മുകൾനില പൂർണമായും കത്തിനശിച്ചു. രണ്ടാം നിലയിലെ ഗോഡൗണിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് അവരുടെ വിൽപന വിഭാഗത്തിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിലെ രണ്ടു പ്രധാന കവാടങ്ങളിലൂടെയും ഫാഷൻ ബസാർ കെട്ടിടത്തിനകത്തുനിന്നും അഗ്നിരക്ഷാസേന തീയണക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കെട്ടിടം മുഴുവൻ ഷീറ്റിട്ട് മൂടിയതിനാലും ഹോർഡിങ്ങുകളും ബോർഡുകളും കൊണ്ട് നിറഞ്ഞതിനാലും തീ കത്തുന്ന ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവന്നു.

തീപിടിത്തമുണ്ടായ ഉടൻതന്നെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചെങ്കിലും 25 മിനിറ്റോളം വൈകിയാണ് യൂനിറ്റുകൾ എത്തിയതെന്നും ഈ അലംഭാവമാണ് തീ ആളിപ്പടരാൻ കാരണമായതെന്നും വ്യാപാരികൾ പരാതിപ്പെട്ടു.


പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

പുക ഉയർന്നതോടെതന്നെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റിയിരുന്നു. ആളുകളെയും ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ മുഴുവൻ തുടക്കത്തിൽ തന്നെ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് ഇതുവരെ ലഭ്യമായ വിവരം. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടം ഒഴിവാക്കാൻ പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്നു.


കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ്. തുണിത്തരങ്ങളും മെഡിക്കൽ ഷോപ്പുകളുടെ സ്റ്റോർ റൂമുകളും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireMofussil bus standKozhikode
News Summary - fire at kozhikode mofussil bus stand
Next Story